കൊല്ലം: മൂല്യവർധിത ഉൽപന്ന മേഖലയിൽ ജില്ല പഞ്ചായത്തിന്‍റെ പുതിയ ചുവടുവെപ്പായി 'കൽപം' വെളിച്ചെണ്ണ. കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറിയിൽ ഉൽപാദിപ്പിച്ച് ജില്ല പഞ്ചായത്തിന്‍റെ ലേബലിൽ പുറത്തിറക്കുന്ന 'കൽപം' വിപണിയിൽ അവതരിപ്പിച്ചു. വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്‍റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. മുതിർന്ന ജില്ല പഞ്ചായത്തംഗമായ എൻ.എസ്. പ്രസന്നകുമാറിന് വെളിച്ചെണ്ണ കൈമാറി. ലിറ്ററിന് 180 രൂപയാണ് വില. 'കൽപം' നിർമിക്കുന്നതിന് ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള വിവിധ ഫാമുകളിൽനിന്നുള്ള നാളികേരം കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ എത്തിക്കുന്നുണ്ട്. കൂടാതെ 34 രൂപ നൽകി കർഷകരിൽനിന്ന് നാളികേരം ശേഖരിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് ഫാമുകൾ കേന്ദ്രീകരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും പ്രസിഡന്‍റ് സാം കെ. ഡാനിയേൽ പറഞ്ഞു. അഞ്ചൽ കോട്ടുക്കൽ ജില്ല കൃഷിഫാമിൽ പാഷൻഫ്രൂട്ട്, മാങ്ങ, ചക്ക, പൈനാപ്പിൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിൽനിന്ന് ഐസ്ക്രീം, നെയ്യ്, തൈര്, സിപ്അപ് എന്നിവ ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. വൈസ് പ്രസിഡന്‍റ് അഡ്വ. സുമലാൽ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഗോപൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, വസന്തരമേശ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. ഷാജി, അനിൽകുമാർ, അഡ്വ. സി.പി. സുധീഷ് കുമാർ, സുനിത രാജേഷ്, ശ്രീജ ഹരീഷ്, എസ്. സെൽവി, ആശാദേവി, അഡ്വ. ബ്രിജേഷ് എബ്രഹാം, അംബികാകുമാരി, എസ്. സോമൻ, ബി. ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സൂപ്രണ്ട് എസ്. സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.