പൊലീസ്, അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് ഇന്ധന വിതരണം നിർത്തുന്നു

* കുടിശ്ശികയിനത്തിൽ വൻ തുക കിട്ടാനു​​​ണ്ടെന്ന്​ പമ്പുടമകൾ കൊല്ലം: ലക്ഷങ്ങൾ കുടിശ്ശികയായ സാഹചര്യത്തിൽ പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം നിർത്തുമെന്ന് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. ജില്ലയിൽ പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും ഇന്ധനം നൽകിയ വകയിൽ മാർച്ച് മാസം മുതൽ കുടിശ്ശികയിനത്തിൽ പമ്പ് ഒന്നിന് അഞ്ച് മുതൽ 10 ലക്ഷം രൂപവരെയാണ് ലഭിക്കാനുള്ളത്. വകുപ്പുകൾ ബില്ലുകൾ പാസാക്കി നടപടികൾ പൂർത്തിയാക്കിയെങ്കിലും സർക്കാർ യഥാസമയം ഫണ്ട്​ അനുവദിക്കാത്തതാണ് കുടിശ്ശികക്ക്​ കാരണമെന്ന് അസോസി‍യേഷൻ ഭാരവാഹികൾ പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ വില വർധനക്കനുസരിച്ച് ഇന്ധന വില വർധന നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മുൻകൂർ പണം അടച്ചാൽപോലും യഥാസമയം പമ്പുകളിൽ ലോഡ് എത്താറില്ല. മതിയായ സാധ്യത പഠനം ഇല്ലാതെയുള്ള പുതിയ പമ്പുകളുടെ കടന്നുവരവും ഉയർന്ന ബാങ്ക് പലിശയും മറ്റ് അനുബന്ധ പ്രവർത്തന ചെലവും വർധിച്ചു. അഞ്ച് വർഷമായി ഡീലർ കമീഷൻ വർധിപ്പിച്ചിട്ടില്ല. നിലവിൽ പ്രവർത്തിക്കുന്ന പമ്പുകൾക്ക് സാമ്പത്തികമായും അല്ലാതെയുമുള്ള സംരക്ഷണം ഉറപ്പുവരുത്തിയില്ലെങ്കിൽ ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടീൽ ഉൾപ്പെടെ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് മൈതാനം വിജയൻ, സെക്രട്ടറി വൈ. അഷ്റഫ് , വൈസ് പ്രസിഡന്‍റ് ആൻഡ്രൂസ് ജോർജ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.