ബേക്കൽ തീരദേശ പൊലീസ് എ.എസ്.ഐ എം.ടി.പി. സൈനുദ്ദീൻ പടന്നക്കാട്ടെ ഷമീറിന് ഫോൺ കൈമാറുന്നു
നീലേശ്വരം: പുഴയിൽ വീണ ഫോൺ മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി നീന്തൽ വിദഗ്ധനായ പൊലീസ് ഓഫിസർ. ബേക്കൽ തീരദേശ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ നീലേശ്വരം തീർത്തങ്കരയിലെ എം.ടി.പി. സൈഫുദ്ദീനാണ് പുഴയിൽ ആഴത്തിലിറങ്ങി മൊബൈൽ ഫോണുമായി പൊങ്ങിവന്നത്.
പടന്നക്കാട് നെഹ്റു കോളജിനു സമീപം താമസിക്കുന്ന പ്രവാസി ഷമീർ കോട്ടപ്പുറം പുഴയോരത്തുള്ള ഹോട്ടലിൽ എത്തിയപ്പോഴാണ് അബദ്ധത്തിൽ ഫോൺ പുഴയിൽ വീണത്. നാട്ടുകാരിൽ ചിലർ ഫോണെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സംഭവം എം.ടി.പി. സൈഫുദ്ദീനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് കോട്ടപ്പുറം പുഴയിൽ കുറച്ചുനേരം തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറിന് വീണ്ടും പുഴയിൽ മുങ്ങി തിരച്ചിൽ നടത്തിയ ശേഷം 8.15ന് സൈഫുദ്ദീൻ ഫോണുമായി സുരക്ഷിതമായി കരയിലെത്തി.
തുടർന്ന് ഫോൺ ഉടമസ്ഥന് കൈമാറി. 20 മണിക്കൂർ പുഴയുടെ അടിത്തട്ടിൽ കിടന്നിട്ടും ഫോൺ സ്വിച്ച് ഓഫ് ആകുകയോ ഉള്ളിൽ വെള്ളം കയറുകയോ ചെയ്തില്ല. സുഹൃത്ത് വിപിൻ തീർഥങ്കരയും സഹായത്തിനായി സൈഫുദ്ദീനൊപ്പം തിരച്ചിലിനുണ്ടായിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണിതെന്ന് നിറപുഞ്ചിരിയോടെ സൈഫുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.