അറസ്റ്റിലായ പ്രതികൾ

ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം തട്ടിയെടുത്ത കേസ്; നീലേശ്വരം സ്വദേശികൾ അറസ്റ്റിൽ

നീലേശ്വരം: പാലക്കാട്-കോയമ്പത്തൂർ റോഡിലെ മധുരക്കര മരപ്പാലത്തിന് സമീപത്തുനിന്ന് ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ.

ചെറുവത്തൂർ മുണ്ടക്കണ്ടം, കിഴക്കേവീട്ടിൽ നിതിൻ (33), നീലേശ്വരം ചാത്തമത്ത് മീത്തലെവീട്ടിൽ ശ്രീകുമാർ (31), നീലേശ്വരം പള്ളിക്കര കനകരവീട്ടിൽ സുധീഷ് (39) എന്നിവരെയാണ് കോയമ്പത്തൂർ, കെ.ജി ചാവടി പൊലീസ് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 20,000 രൂപയും ആക്രമണത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തു. പാലക്കാട് പട്ടാമ്പി നടുവട്ടത്തെ ലുക്‌മാൻ മുഹമ്മദാണ് (56) ആക്രമണത്തിനിരയായത്.

കോയമ്പത്തൂരിൽ സ്വർണം വിറ്റതുവഴി ലഭിച്ച 41 ലക്ഷവുമായി നാട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ലുക്‌മാൻ മുഹമ്മദ്. മരപ്പാലത്തിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിന് മുന്നിൽ കാർ റോഡിന് കുറുകെ നിർത്തിയിട്ടാണ് ബൈക്കിൽനിന്ന് വലിച്ചിറക്കി ലുക്മാനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊഴിഞ്ഞാമ്പാറ മേനോൻപാറക്ക് സമീപത്തെത്തിച്ച് മർദിച്ച് അവശനാക്കിയശേഷം പണവും മൊബൈൽ ഫോണും ബൈക്കുമായാണ് ആക്രമിസംഘം കടന്നുകളഞ്ഞത്.

എട്ടുപേരാണ് ആക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. അറസ്റ്റിലായ നീലേശ്വരം പള്ളിക്കര സ്വദേശി സുധീഷിനെതിരെ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുള്ളതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നീലേശ്വരത്തെ ജയൻകേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Nileshwaram natives arrested in case of kidnapping and extortion of Rs. 41 lakh from a biker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.