തിങ്കളാഴ്ച രാവിലെ രാജാറോഡ്-തെരു റോഡ് ജങ്ഷനിൽ അനുഭവപ്പെട്ട ഗതാഗതസ്തംഭനം
നീലേശ്വരം: ഗതാഗതക്കുരുക്കിലമർന്ന് നീലേശ്വരം നഗരം. രാജാറോഡിലും തെരുറോഡിലും ഗതാഗതകുരുക്ക് പതിവുകാഴ്ചയാണ്. പൊലീസും നഗരസഭയും ഇതൊന്നും കാണുന്നില്ല എന്നാണ് യാത്രക്കാരുടെ ആക്ഷേപം. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരം കാണാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുണ്ടെങ്കിലും യോഗം ചേരാറില്ല.
നഗരത്തിലെ രൂക്ഷമായ കുരുക്ക് കാരണം ദേശീയപാതയിലൂടെ പോകുന്ന ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നീലേശ്വരം ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ മുങ്ങുകയാണ്. കുരുക്കിൽപെട്ട് സമയക്രമം തെറ്റുമെന്ന ഭീതിയാണ് ബസുകളെ ഹൈവേ വഴി തിരിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്. ഇതുകാരണം യാത്രക്കാരെ ഹൈവേയിലെ ജങ്ഷനുകളിൽ ഇറക്കിവിടുകയാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കിലോമീറ്ററുകൾ നടന്ന് ടൗണിലെത്തേണ്ട ഗതികേടിലാണ്.
നഗരത്തിലെ തിരക്ക് കുറക്കാൻ വലിയ പ്രതീക്ഷയോടെ ആസൂത്രണംചെയ്ത രാജാറോഡ് വികസനം ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. ഭരണകൂടത്തിന്റെ മെല്ലപ്പോക്ക് കാരണം ഈ സമാന്തരപാതയുടെ നിർമാണം നീളുകയാണ്. രാജാറോഡ് യാഥാർഥ്യമായാൽ ടൗണിലെ തിരക്ക് പകുതിയായി കുറക്കാൻ കഴിയും. പുതിയ നഗരസഭ ഭരണസമിതി, ഗതാഗത വിദഗ്ധർ, ടൗൺ പ്ലാനർമാർ എന്നിവരെ ഉൾപ്പെടുത്തി നഗരത്തിന്റെ പ്രശ്നങ്ങൾ പഠിക്കുകയും അടുത്ത 20 വർഷത്തെ വാഹനപ്പെരുപ്പം മുൻകൂട്ടി കണ്ട് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ഇനി വേണ്ടതെന്നാണ് ജനങ്ങൾ പറയുന്നത്.
ലിങ്ക് റോഡുകളുടെ പൂർത്തീകരണവും സമാന്തരപാതകൾ സമയബന്ധിതമായി പൂർത്തിയാക്കാനും ശാസ്ത്രീയമായ ട്രാഫിക് സിഗ്നലുകളും പാർക്കിങ് സംവിധാനങ്ങളും ഏർപ്പെടുത്താനും നഗരസഭ അധികൃതർ തയാറാകണം. കാൽനടയാത്ര സുഗമമാക്കാൻ കൾവർട്ട് സ്ലാബുകൾ നിരപ്പായി ക്രമീകരിക്കാൻ നടപടിയെടുക്കണം. ഗതാഗത സ്തംഭനവും കാൽനടയാത്ര ദുരിതവും പാർക്കിങ്ങില്ലാത്തതും നഗരത്തിലെ വ്യാപാരമേഖലയെ തകർച്ചയിലേക്ക് നയിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.