കരുവാച്ചേരി ഫാം ഹൗസിന് സമീപത്തെ സർക്കാർ അതിഥി മന്ദിരം
നീലേശ്വരം: കേരള കാർഷിക സർവകലാശാലയുടെ നീലേശ്വരം കരുവാച്ചേരി ഫാം ഹൗസിന് സമീപത്തെ സർക്കാർ അതിഥിമന്ദിരത്തിലേക്ക് അതിഥികൾ എത്തില്ല. ദേശീയപാതയോരത്ത് 'കരുവാച്ചേരി ഫാമിന് സമീപത്താണ് സർക്കാർ അതിഥി മന്ദിരം നിലകൊള്ളുന്നത്. കാലപ്പഴക്കം മൂലം ഓടിട്ട അതിഥി മന്ദിരം തകർച്ചയുടെ വക്കിലാണ്.
നീലേശ്വരത്ത് എത്തുന്ന മന്ത്രിമാരോ സർക്കാർതലത്തിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റ് അതിഥികളോ ആരും തന്നെ ഇവിടെയെത്തി താമസിക്കാനോ ഒന്ന് വിശ്രമിക്കാനോ തയാറാകുന്നില്ല. ഇത്തരം അതിഥികൾ സ്വകാര്യ നക്ഷത്ര റിസോർട്ടിലാണ് വിശ്രമിക്കുന്നത്.
രണ്ട് മുറികളും ഒരു ചെറിയ ഹാളുമുള്ള കെട്ടിടം വൃത്തിയാക്കുന്നില്ലെന്ന് മാത്രമല്ല അതിഥി മന്ദിരം കാത്തുസൂക്ഷിക്കാൻ ഒരു പ്രത്യേക ജീവനക്കാനെ പോലും ഇതുവരെ സർവകലാശാല നിയമിച്ചിട്ടില്ല. അതിഥികൾക്ക് വിശ്രമിക്കാനുള്ള മുറികൾ മാറാല പിടിച്ചും ഇരിക്കാനുള കസേരകൾ പൊട്ടിപ്പൊളിഞ്ഞ് ദ്രവിച്ചും തുടങ്ങി. സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന ഇ.എം. എസ്, ഇ.കെ നായനാർ, കെ.കരുണാകരൻ എന്നിവർ ഈ അതിഥി മന്ദിരത്തിൽ വിശ്രമിച്ചിട്ടുണ്ട്. 1930കളിൽ കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എത്തുന്ന ഗവേഷകർക്കായി ബ്രിട്ടീഷ് സർക്കാറാണ് അതിഥി മന്ദിരം നിർമിച്ചത്.
പിന്നീട് 1972ൽ കാർഷിക സർവകലാശാല ഫാം ഹൗസിന് കൈമാറി. 75 വർഷത്തോളം പഴക്കമുള്ള കരുവാച്ചേരിയിലെ സർക്കാർ അതിഥി മന്ദിരത്തിൽ ഒരു വിധത്തിലുള്ള അറ്റകുറ്റ പ്രവൃത്തിയും ഇതുവരെയും നടത്തിയില്ല. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ പേരിൽ തിരിച്ചറിയാനുണ്ടായിരുന്ന പേരെഴുതിയ ബോർഡും എടുത്തു മാറ്റി. കാർഷിക സർവകലാശാല അധികൃതർ ഈ സർക്കാർ അതിഥിമന്ദിരത്തെ തിരിഞ്ഞുനോക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.