ഗവേഷണകേന്ദ്രം പദ്ധതിയുടെ ശിലാഫലകം കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിൽ

കരിന്തളം യോഗ പ്രകൃതിചികിത്സ ഗവേഷണകേന്ദ്രത്തിന് തറക്കല്ലിട്ടിട്ട് ഏഴുവർഷം

നീലേശ്വരം: ജില്ലക്ക് ഏറെ പ്രതീക്ഷ നൽകിയ കേന്ദ്രസർക്കാർ പദ്ധതി ഏഴുവർഷം കഴിഞ്ഞിട്ടും ഫയലിൽ കിടക്കുന്നു. പദ്ധതിയുടെ തറക്കല്ല് പാറപ്പുറത്ത് കാടുമൂടിക്കിടക്കുന്നു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ നിർമാണം ആരംഭിക്കേണ്ട കരിന്തളം യോഗ പ്രകൃതിചികിത്സ ഗവേഷണകേന്ദ്രം തറക്കല്ലിൽ മാത്രമൊരുങ്ങി.

പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശിലാഫലകം കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഓഫിസ് മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി മൂന്നിന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കാണ് തറക്കല്ലിടൽ ചടങ്ങ് ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്തത്. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് അധ്യക്ഷതവഹിച്ചത്.

നൂറ് കിടക്കകളോടുകൂടിയ ആശുപത്രിസമുച്ചയമാണ് ആരംഭിക്കാൻ ഉദ്ദേശിച്ചത്‌. ഒന്നാം എൻ.ഡി.എയുടെ കാലത്തായിരുന്നു പദ്ധതി പ്രഖ്യാപിച്ചതും തറക്കല്ലിട്ടതും. രണ്ടാം എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽവന്നപ്പോൾ ആയുഷ് വകുപ്പിന്റെ ചുമതല തറക്കല്ലിട്ട മന്ത്രിതന്നെ വന്നിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

കരിന്തളം വില്ലേജിൽ റീസർവേ നമ്പർ 89/ഒന്നിൽപെട്ട തോളേനിയിലെ 15 ഏക്കർ ഭൂമി 100 രൂപ പാട്ടനിരക്കിൽ 30 വർഷത്തേക്ക് റവന്യൂ ഭൂമി സംസ്ഥാന സർക്കാറാണ് വിട്ടുകൊടുത്തത്. 80 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടം മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്.

സാധാരണ യോഗ-നാചുറോപ്പതി ചികിത്സക്ക് 2000ത്തിലധികം രൂപ ഒരുദിവസം ചെലവഴിക്കേണ്ടിടത്ത് ഇവിടെ 500 രൂപ മാത്രം മതിയാകും. മാത്രമല്ല, മുൻഗണന പട്ടികയിലുള്ളവർക്ക് സൗജന്യ ചികിത്സയാണ്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഈ വിഷയം പാർലമെൻറിൽ ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ഒരു തുടർനടപടിയും സ്വീകരിച്ചില്ല.

Tags:    
News Summary - Karinthalam Yoga Naturopathy Research Center; Central government project still on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.