മോഷണം നടന്ന കണ്ണൂർ പയ്യാമ്പലത്തെ വൈൽഡ് കഫേ എന്ന സ്ഥാപനത്തിൽ പൊലീസ് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോടെ കവര്‍ച്ചയും തുടങ്ങി. കണ്ണൂരില്‍ നിരവധി ബങ്കുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പ്രസ്ക്ലബ് റോഡിലെ ബങ്കുകളിലാണ് ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലര്ച്ചക്കുമിടയില് കവര്‍ച്ച നടന്നത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശി ടി.കെ. ജുനില്കുമാറിന്റെ വാച്ച് കട കുത്തിത്തുറന്ന് എട്ടോളം വാച്ചുകളും നന്നാക്കാന്‍ നല്‍കിയിരുന്ന അഞ്ച് വാച്ചുകളും 3,000 രൂപയും കവര്‍ന്നു. സമീപത്ത് തന്നെ ചാല സ്വദേശി എം. നവാസിന്റെ ഉടമസ്ഥതയിലുള്ള താജു മൊബൈല്‍സിലും കവര്‍ച്ച നടന്നു.
ഫോണ്‍ ചാര്‍ജറുകള്‍, ഇയര്‍ഫോണുകള്‍ തുടങ്ങിയവയാണ് ഇവിടെനിന്ന് കവര്‍ന്നത്. പാലക്കാട് സ്വദേശി സുന്ദരന്റെ ഉടമസ്ഥതയിലുള്ള കത്തി, കത്തിവാള് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന ദീപ സ്റ്റോറില്‍ നിന്ന് 5,000 രൂപ കവര്‍ന്നു. ഈ മൂന്ന് ബങ്കുകളുടെയും മുകളിലത്തെ ഷീറ്റ് കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്.
അനസ് കക്കാടിന്റെ ഉടമസ്ഥതയിലുള്ള ബാഗ്, ചെരിപ്പ് തുടങ്ങിയവ വില്പന നടത്തുന്ന സൈബാസില് നിന്ന് 2,000 രൂപ കവര്‍ന്നു. ഈ ബങ്കിന്റെ ഷീറ്റ് ഉയര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. കൂത്തുപറമ്പ് സ്വദേശി ടി.പി. ഷമീറിന്റെ ഫാഷന്‍ ജെന്റ്സ് എന്ന ബങ്ക് കുത്തിത്തുറന്ന് 500 രൂപയും വിലപ്പെട്ട രേഖകളും കവര്‍ച്ച ചെയ്തു. ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് ബങ്കിന്റെ അകത്തു കടന്നത്. ജില്ല പഴംപച്ചക്കറി സഹകരണ സംഘത്തില്‍ കവര്‍ച്ചശ്രമവും നടന്നു. സൈഡിലെ ഷീറ്റ് കുത്തിപ്പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക സൂചന. പാൻറ്സും ഷര്‍ട്ടും വില്പന നടത്തുന്ന നാസര്‍ കക്കാടിന്റെ ബങ്കും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ടൗണ്‍ എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും അന്വേഷണത്തിനെത്തിയിരുന്നു. സൈബാസ് എന്ന ബങ്കില്‍ സി.സി ടി.വിയുണ്ട്. അതില്‍ മോഷ്ടാവ് രണ്ടാം തവണ കയറിയതിന്റെയടക്കം ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടക്കുകയാണ്. അതിനിടെ കടകളിൽ മോഷണം നടന്നത് വ്യാപാരികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.