മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര
കണ്ണൂർ: മുസ്ലിം ലീഗ് ജില്ല സമ്മേളനത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും. ഇതിനിടെ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരം നടക്കുകയാണെങ്കിൽ ഇടപെട്ട് സമവായത്തിനുള്ള നീക്കത്തിന് കേന്ദ്ര നേതൃത്വം സജീവമായി രംഗത്ത്. സംഘടന പ്രവർത്തനത്തിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത പി. കുഞ്ഞിമുഹമ്മദ് ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇക്കുറി മാറുമെന്നുറപ്പാണ്. ഇതോടെ നിലവിലെ ജില്ല ജനറൽ സെക്രട്ടറിയായ അബ്ദുൽ കരീം ചേലേരിക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത. ഇരുവരും ജില്ല ഭാരവാഹികളായ കമ്മിറ്റി 2017ലാണ് നിലവിൽ വന്നത്.
ജില്ല കമ്മിറ്റിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ഈ കമ്മിറ്റി ചുമതലയേറ്റത്. തെരഞ്ഞെടുപ്പിൽ മത്സരം നടന്നില്ലെങ്കിൽ ചേലേരി തന്നെയായിരിക്കും അടുത്ത പ്രസിഡന്റ്. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. കൂടാതെ യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററായ സി.പി. ഹമീദും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനായി രംഗത്തുണ്ട്. അതേസമയം, പ്രതിനിധി സമ്മേളനത്തിൽ മത്സരം നടക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കാനും പിന്നീട് സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാമെന്നുമുള്ള നിർദേശമാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ജില്ല കമ്മിറ്റിക്ക് മുന്നിൽവെച്ചിട്ടുള്ളത്.
മത്സരമൊഴിവാക്കി ജില്ല ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിനുമുള്ളത്. ഇതിനുള്ള അണിയറ ചർച്ചയും സജീവമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ അബ്ദുൽ കരീം ചേലേരിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യത കൂടുതൽ. എന്നാൽ, കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ പിന്തുണ എസ്. മുഹമ്മദിനുണ്ട്. ചേലേരി പ്രസിഡന്റാകുന്ന മുറക്ക് അഡ്വ. കെ.എ. ലത്തീഫ് ജനറൽ സെക്രട്ടറിയാകാനാണ് സാധ്യത. ലീഗ് ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ കെ.പി. താഹിർ ജില്ല കൗൺസിലിലേക്കെത്തിയിട്ടുണ്ട്. കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പൂർണ പിന്തുണയുള്ളതിനാൽ താഹിറും ജില്ല കമ്മിറ്റി ഭാരവാഹി പട്ടികയിൽ ഇടം നേടിയേക്കും.
നിലവിലെ സെക്രട്ടറിയായ അൻസാരി തില്ലങ്കേരി ജില്ല ട്രഷററും ആയേക്കും. എന്നാൽ, പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഭാരവാഹികളെ സുതാര്യമായി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നാണ് ജില്ല കമ്മിറ്റിയുടെ അവകാശവാദം. രാവിലെ പത്തിന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും. ജില്ല കമ്മിറ്റി രൂപവത്കരണ യോഗം അബ്ദുറഹ്മാൻ രണ്ടത്താണി നിയന്ത്രിക്കും. 541 അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തിൽ ആകെ പങ്കെടുക്കുന്നത്. മത്സരം നടക്കുകയാണെങ്കിൽ ആകെയുള്ള 17 ഭാരവാഹികളിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും നേരിട്ടാണ് തെരഞ്ഞെടുക്കുക. ബാക്കിയുള്ള 15 സ്ഥാനത്തേക്ക് കൂടുതൽ വോട്ടുകിട്ടുന്ന മുറക്കുള്ളവരെ തെരഞ്ഞെടുക്കും.
വൈകീട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസേമ്മളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് കണ്ണൂർ നഗരത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കണ്ണൂർ വിളക്കുംതറ മൈതാന സമീപത്ത് നിന്ന് ആരംഭിച്ച ജാഥ കാൽടെക്സ് കെ.എസ്.ആർ.ടി.സി പരിരസത്ത് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.