എൽ.ഡി.എഫിന്റെ കണ്ണൂർ കോർപറേഷൻ ഓഫിസ് ഉപരോധം അക്രമാസക്തമായപ്പോൾ
കണ്ണൂർ: എൽ.ഡി.എഫ് പ്രവർത്തകരുടെ കണ്ണൂർ കോർപറേഷൻ ഓഫിസ് ഉപരോധം അക്രമാസക്തമായി. ഇരുവിഭാഗത്തിന്റെ ഉന്തിലും തള്ളിലും മേയർ പി. ഇന്ദിരക്കും കൗൺസിലർമാരായ റിഷാം താണ, ദീപ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ എൽ.ഡി.എഫ് പ്രവർത്തകരായ പി.എം. സാജിദ്, ഫാത്തിമ വാഴയിൽ, ഡാലിയ ഗ്രേസ് എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾക്ക് കോർപറേഷൻ അനുമതി നൽകുന്നില്ലെന്നാരോപിച്ച് എൽ.ഡി.എഫ് നടത്തിയ ഉപരോധമാണ് സംഘർഷത്തിൽ എത്തിയത്.
രാവിലെ എട്ടുമണിയോടെ എൽ.ഡി.എഫ് പ്രവർത്തകർ കോർപറേഷൻ ഓഫിസിന്റെ ഇരു ഗേറ്റുകളിലും ഉപരോധം തുടങ്ങി. ഇതോടെ, ജീവനക്കാർക്കും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും റോഡിൽ നിൽക്കേണ്ടി വന്നു.
പൊലീസ് നിഷ്ക്രിയത്വം ചോദ്യംചെയ്ത് മേയർ അകത്ത് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇരുഭാഗത്തുനിന്നും കൂടുതൽ പ്രവർത്തകരെത്തി മുദ്രാവാക്യം വിളികളുമായി നിലകൊണ്ടത് സംഘർഷാവസ്ഥയായി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ മേയർ പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, കൗൺസിലർമാരായ റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ എന്നിവരും യു.ഡി.എഫ് പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചെങ്കിലും സമരക്കാർ പിൻമാറാത്തതിനാൽ ഓഫിസിനകത്ത് കയറാൻ കഴിഞ്ഞില്ല.
ഉപരോധ സമരം 10.15ന് അവസാനിപ്പിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ എൻ. ചന്ദ്രൻ പ്രഖ്യാപിച്ചു. ഇതിനിടെ പിൻവശം വഴി മേയറും കൗൺസിലർ ദീപയും ഓഫിസിനകത്ത് എത്തി. ഇവർ സമരക്കാരുടെ മുന്നിലെത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. അവിടെയും ഇരുവിഭാഗവും തമ്മിൽ വീണ്ടും ഉന്തുംതള്ളുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.