ഇന്ന് റവന്യൂ ഭവന നിർമാണമന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കുന്ന ആശ്വാസ് വാടകവീട് എം. വിജിൻ
എം. എൽ.എ സന്ദർശിക്കുന്നു
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കുംവേണ്ടി നിർമിച്ച ആശ്വാസ് വാടകവീട് ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30ന് റവന്യൂ ഭവനനിർമാണ മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് എം. വിജിൻ എം.എൽ.എ അറിയിച്ചു. ചടങ്ങിൽ ആരോഗ്യ വനിത-ശിശു ക്ഷേമ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മിതമായ വാടകനിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആശ്വാസ് വാടകവീടാണ് ഇന്ന് മെഡിക്കൽ കോളജ് കാമ്പസിൽ ഉദ്ഘാടനംചെയ്യപ്പെടുന്നത്.
106 പേർക്ക് താമസസൗകര്യം ലഭ്യമാക്കുന്നതിനായി മൂന്ന് നിലയുടെ കെട്ടിടമാണ് സജ്ജമായിട്ടുള്ളത്. മെഡിക്കൽ കോളജിലെത്തുന്ന രോഗികളുടെ കൂടെയുള്ള കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യം ആശ്വാസ വീടിലൂടെ നിർവഹിക്കപ്പെടും. മൂന്നു നിലകൾ ഉള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 10 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ട് കിടക്കകളുള്ള ഒരു ഡോർമിറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു ലെവലിലായി 64 കിടക്കകളുള്ള ഒരു ഡോർമിറ്ററിയും രണ്ടാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുള്ളത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 1787.34 ച. മീറ്ററാണ്. ഇതിനായി സംസ്ഥാന സർക്കാർ ആറ് കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂർ മെഡിക്കൽ കോളജ് കാമ്പസിനുള്ളിലുള്ളതും മെഡിക്കൽ കോളജിന്റെ ഉടമസ്ഥതയിലുള്ളതുമായ 50 സെന്റ് വിസ്തീർണമുള്ള സ്ഥലത്താണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.