കണ്ണൂർ: യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നേർക്കുനേർ. വികസന വിഷയത്തിൽ പരസ്പരം പാര പണിയുന്നുവെന്നാണ് ഇരുപക്ഷവും ആരോപിക്കുന്നത്. കോർപറേഷനിലെ ദൈനംദിന പ്രവൃത്തിപോലും തടസ്സപ്പെടുത്തുന്നവിധം ജീവനക്കാരെ സ്ഥലംമാറ്റിയാണ് സർക്കാർ ദ്രോഹിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ കുറ്റപ്പെടുത്തി.
നഗരമധ്യത്തിൽ ഒരു വികസനവും നടത്താൻ സമ്മതിക്കാതിരിക്കുകയാണ് കോർപറേഷൻ എന്ന് ഇടതുമുന്നണിയും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഇരുപക്ഷവും തുറന്ന പോരിലെത്തി.
‘മന്ത്രിയുടെ കഴിവുകേടിന് കോർപറേഷനെ മറയാക്കുന്നു’
മന്ത്രിയുടെ കഴിവുകേടിന് കോർപറേഷനെ മറയാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മേയർ പി. ഇന്ദിര. കോർപറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കാതെ, പകരം ആളെ തരാതെ സ്ഥലംമാറ്റി നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. അതിനാൽ, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.
കോർപറേഷന് ഭിന്നശേഷി സ്കോളര്‍ഷിപ്പ് ഇനത്തില്‍ ജില്ല ട്രഷറിയില്‍ സമര്‍പ്പിച്ച മൂന്ന് ബില്ലുകള്‍ തിരിച്ചയച്ചിരിക്കയാണ്. കോർപറേഷന്റെ അനുമതി ഇല്ലാതെയാണ് എം.എൽ.എ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്നത്. പള്ളിയാംമൂല ഗ്രൗണ്ടില്‍ കരാറുകാരന് പ്രവൃത്തി ആരംഭിക്കാന്‍ വന്നപ്പോഴാണ് നഗരസഭ ഈ വിഷയം അറിയുന്നത്. ടൗണ്‍ സ്ക്വയറിന്റെ ഭാഗമായ ആംഫി തിയറ്റര്‍ അവിടത്തെ ഗാര്‍ഡനിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയെല്ലാം നശിച്ചു. അതിന്റെ പാര്‍ക്കിങ് ഏരിയയാണ് വീണ്ടും ഒരു സ്റ്റേജ് കെട്ടി പന്തലിടാന്‍ നശിപ്പിച്ചത്. പ്രവൃത്തിക്ക് നഗരസഭയുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഒരനുമതിയും നേടാതെ പാര്‍ക്കിങ് ഏരിയ കുത്തിപ്പൊളിച്ച് നിർമാണം നടത്തുമ്പോഴാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
37 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കോർപറേഷൻ ഓഫിസ് കെട്ടിടം പൂര്‍ത്തീകരിച്ച് കൈമാറാതെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭക്ക് അനുമതി നല്‍കാതെ രാഷ്ട്രീയം കളിക്കുകയാണെന്നും മേയർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, വി.കെ. മുഹമ്മദലി, സോനാ ജയറാം എന്നിവർ പങ്കെടുത്തു.
‘കോർപറേഷൻ വികസനം മുടക്കുന്നു’
വികസനം തടസ്സപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന കണ്ണൂർ കോർപറേഷൻ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ചൊവ്വാഴ്ച മാർച്ച് നടത്തും. രാവിലെ പത്തിന് നടക്കുന്ന മാർച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനംചെയ്യും.
കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നതിന് നിർദേശിച്ച പദ്ധതികളെല്ലാം കോർപറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണ്.
മണ്ഡലത്തിൽ വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം അനുവദിക്കാത്തതിനാൽ തുടർനടപടികളിലേക്കു കടക്കാനായില്ല. നിരവധിതവണ കോർപറേഷൻ അധികൃതർക്കു നിർദേശം നൽകിയെങ്കിലും നിഷേധനിലപാട് ആവർത്തിച്ചു. എം.എൽ.എ ഫണ്ടിലും ബജറ്റ് ഫണ്ടിലും അനുവദിച്ച പല റോഡുകളുടെയും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാത്തതു കാരണം ഭരണാനുമതി ലഭിക്കുന്നില്ല. ജില്ല ഹോമിയോ ആശുപത്രിക്കായി എം.എൽ.എ ഫണ്ടുപയോഗിച്ച് കെട്ടിടനിർമാണം തുടങ്ങിയെങ്കിലും കോർപറേഷൻ സ്റ്റോപ് മെമ്മോ നൽകിയതോടെ അതും മുടങ്ങി.
തോട്ടട സൗന്ദര്യവത്കരണം പദ്ധതിയുടെ ഭാഗമായി വിളക്കുകൾ സ്ഥാപിക്കുന്നതിനും അനുവാദം നൽകുന്നില്ല. കണ്ണൂർ ടൗൺ സ്ക്വയറിൽ പന്തൽ നിർമാണം തുടങ്ങിയതോടെ അതിന് സ്റ്റോപ്പ് മെമ്മോ നൽകുകയാണ് കോർപറേഷൻ ചെയ്തത്. കോർപറേഷൻ സ്ഥലം വിട്ടുനൽകാത്തതിനാൽ സ്പോർട്സ് സ്കൂൾ വികസനവും നടപ്പാക്കാനാവുന്നില്ല. ജൂബിലിഹാളിന്റെ മതിൽ പൂർത്തിയാക്കുവാനും അനുവാദം നൽകുന്നില്ല. കാലവർഷക്കെടുതി ഫണ്ടിൽ അറ്റകുറ്റപ്പണി അനുവദിച്ച പല റോഡുകളും എസ്റ്റിമേറ്റ് ലഭിക്കാത്തതു കാരണം ഭരണാനുമതി ലഭിക്കാൻ വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.