ഉത്തരവ് റദ്ദാക്കി; തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ സർവിസ് തുടരും

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാഴ്‌സൽ ഓഫിസ് മാർച്ച് 10 മുതൽ അടക്കാനുള്ള തീരുമാനം റദ്ദാക്കി. ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ കഴിഞ്ഞ ആറിന് പുറത്തിറക്കിയ ഉത്തരവാണ് കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന് മരവിപ്പിച്ചത്. നേരത്തേയിറക്കിയ തീരുമാനം മാറ്റിയത് സംബന്ധിച്ച് റെയിൽവേയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 10 മുതൽ

ട്രെയിൻ മാർഗം സാധനങ്ങൾ അയക്കാൻ സാധിക്കില്ലെന്ന ഉത്തരവ് പുറത്തിറങ്ങിയത് പാഴ്സൽ സർവിസിൽ ജോലി ചെയ്യുന്ന രണ്ട് വനിതകൾ ഉൾപ്പെടെയുള്ള പോർട്ടർ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ, ഷാഫി പറമ്പിൽ എം.പി തുടങ്ങിയവർ വിഷയം ഗൗരവമായി ശ്രദ്ധയിൽപെടുത്തിയതോടെയാണ് തീരുമാനം മാറ്റാൻ റെയിൽവേ അധികാരികൾ തയാറായത്. തലശ്ശേരി റെയിൽവേ മാർഗം പാഴ്സൽ സർവിസ് നിർത്തലാക്കിയാൽ കോഴിക്കോട്ടോ കണ്ണൂരോ പോയാൽ മാത്രമേ സാധനങ്ങൾ അയക്കാൻ കഴിയുകയുള്ളൂ. നേരത്തേ വടകരയിലെയും പയ്യന്നൂരിലെയും പാഴ്സൽ സംവിധാനം റെയിൽവേ ഒഴിവാക്കിയിരുന്നു.

ഏറ്റവും ലാഭകരമായി നടക്കുന്നതാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ വിഭാഗം. പ്രതിമാസം ശരാശരി മൂന്നരലക്ഷം രൂപയാണ് ഇവിടത്തെ പാഴ്സൽ ഓഫിസിലെ വരുമാനം. കഴിഞ്ഞ മാസം 3.75 ലക്ഷം രൂപ പാഴ്‌സൽ മുഖേന തലശ്ശേരിയിൽനിന്ന് റെയിൽവേക്ക് വരുമാനം ലഭിച്ചു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ ഓഫിസ് പ്രവർത്തിച്ചിരുന്നത്.

Tags:    
News Summary - Order cancelled; parcel service at Thalassery railway station to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.