കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത്
പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-തുരുത്തി പുതിയ ദേശീയപാത പാലത്തിനടുത്ത് കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 യൂനിറ്റുകള്‍ക്കായി ഒമ്പതു ലക്ഷം രൂപയാണ് വകയിരുത്തിയത്. നാല് എസ്.സി വിഭാഗം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 28 ഗ്രൂപ്പുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
പൊതു ജലാശയങ്ങളില്‍ 5:5 മീറ്റര്‍ വിസ്തൃതിയില്‍ മുള കൊണ്ട് റാക്ക് നിര്‍മിച്ച്, ഒരു മീറ്റര്‍ നീളമുള്ള കമ്പക്കയറുകളില്‍ കല്ലുമ്മക്കായ വിത്ത് തുന്നിപ്പിടിപ്പിച്ച് റാക്കുകളില്‍ കെട്ടിവെച്ചാണ് കൃഷി നടത്തുന്നത്. മൂന്നു മുതല്‍ അഞ്ചു മാസമാണ് കൃഷിയുടെ വളര്‍ച്ചക്കാലം. നവംബറില്‍ ആരംഭിക്കുന്ന കൃഷി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഒരു കയറില്‍നിന്ന് ഏഴ് മുതല്‍ പത്തു കിലോ വരെ വിളവെടുപ്പ് ലഭിക്കും. വളപട്ടണം പുഴയില്‍ കൃഷി നടത്തുന്ന എസ്.ആര് കല്ലുമ്മക്കായ ഗ്രൂപ്പും എഫ്.എം ഗ്രൂപ്പും ചേര്‍ന്നാണ് ജില്ലതല വിളവെടുപ്പ് പരിപാടി സംഘടിപ്പിച്ചത്. കല്ലുമ്മക്കായ കൃഷി മുഖേന തീരദേശ മേഖലയിലെ മത്സ്യകര്‍ഷക കൂട്ടായ്മകള്‍ക്ക് സ്ഥിരവരുമാനവും സ്വയംതൊഴില്‍ സാധ്യതകളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ രജനി മോഹന്‍ ആദ്യ വില്പന നടത്തി. വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശില്പ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.വി. പവിത്രന്, കെ.വി. ഷക്കീല്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ. അന്‍സില, പഞ്ചായത്തംഗം വി. നാരായണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ജുഗ്നു, അഴീക്കോട് മത്സ്യഭവന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അരുണ്‍ സുരേഷ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആര്.എസ്. അഖില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.