കേളകം: കാട്ടാനകളുടെ നിരന്തര ഭീഷണിയിൽ ഒന്നര ദശകത്തിലേറെയായി ദുരിതജീവിതം നയിക്കുകയാണ് ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ. കൃഷിയും ഉപജീവനമാർഗങ്ങളും തകർന്നതോടെ നിരവധി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
രാത്രിയും പകലും കാട്ടാനകളുടെ സാന്നിധ്യം ഭീതിയിലാഴ്ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൃഷിയിടങ്ങളിലേക്കും വീടുകളുടെ പരിസരങ്ങളിലേക്കും ആനകൾ എത്തുന്നത് പതിവായതോടെ കാർഷിക പ്രവർത്തനങ്ങൾ നടത്താൻ പോലും പലർക്കും കഴിയാത്ത സ്ഥിതിയാണ്. കൃഷിനാശവും സ്വത്ത് നാശവും പതിവായിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു.
പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ-ഉപജീവന പദ്ധതികളും ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആനകൾക്ക് മേഖലയിൽ പ്രവേശിക്കാനുള്ള സാഹചര്യം പൂർണമായി ഒഴിവാക്കുന്നതിനായി മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം, സുരക്ഷിതമായ ജീവിതവും സ്ഥിരമായ വരുമാനവും ഉറപ്പാക്കുന്ന പ്രത്യേക സർക്കാർ പാക്കേജ് നടപ്പാക്കണമെന്നാണ് ആവശ്യം. ആനശല്യത്തിന് ശാശ്വത പരിഹാരം, നഷ്ടപരിഹാരം, കാർഷിക-തൊഴിൽ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടുത്തി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കാട്ടാനകളുടെ അക്രമത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആറളത്ത് 15 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും, നൂറ് കണക്കിന് കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.