പ്രതീകാത്മക ചിത്രം
ഓണം തിരക്ക്: നഗരത്തിൽ ഇന്നുമുതൽ ട്രാഫിക് ക്രമീകരണം
കണ്ണൂർ: ഓണം പ്രമാണിച്ച് ബുധനാഴ്ച മുതൽ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ നടപ്പിലാക്കാൻ കോർപറേഷൻ അധികൃതരുടെ തീരുമാനം. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ-ടാക്സിക്കാരും സഹകരിക്കണമെന്ന് മേയർ അറിയിച്ചു. നഗരത്തിലെ ട്രാഫിക് ക്രമീകരണവുമായി ബന്ധപ്പെട്ട് ഈമാസം 14ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിക്കുകയും ഇതിൽ നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹാര നിർദേശങ്ങളും ചർച്ചയായിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള മാറ്റം. നഗരപരിധിയിലെ സ്ക്രാപ് കടകൾക്ക് മുന്നിലുള്ള സാധനങ്ങൾ നീക്കംചെയ്യുന്നതിനും കാൽനടക്കാർക്കും ഗതാഗതത്തിനും തടസ്സമായി നഗരത്തിലെ വർക് ഷോപ്പിന് പുറത്ത് നിർത്തിയിട്ടുള്ള വാഹനം നീക്കം ചെയ്യുന്നതിനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, റോഡുകൾ തിരിച്ച് പാർക്കിങ്, നോ പാർക്കിങ് ക്രമീകരിച്ചിട്ടുള്ള ലിസ്റ്റ്, സ്കെച്ച് എന്നിവ തയാറാക്കി സമർപ്പിക്കാൻ ആർ.ടി.ഒ, ട്രാഫിക് പൊലീസ് എന്നിവരെ ചുമതലപ്പെടുത്തി.
ഓണം സീസൺ കഴിയും വരെ പ്ലാസ ജങ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ് സ്റ്റാൻഡ് എൻട്രിവരെ വൺവേയാക്കുന്നതിനും താവക്കരയിൽനിന്ന് പ്ലാസയിലേക്കുള്ള വഴി നോഎൻട്രി ആക്കി പുതിയ ബസ് സ്റ്റാൻഡ് റോഡ് വഴി എസ്.ബി.ഐ ജങ്ഷൻ വഴി ഗതാഗതം ക്രമീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള പാർക്കിങ് ഒഴിവാക്കുന്നതിനും വാഹനങ്ങളെ പേ പാർക്കിങ് ചെയ്യിപ്പിക്കുന്നതിനും വൺവേയാക്കുന്നതിനും തീരുമാനമുണ്ട്.
ഓണം കഴിയുംവരെ കന്റോൺമെൻറ് ഏരിയയിലുള്ള സ്ഥലങ്ങളും പ്രഭാത് ജങ്ഷൻ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥലവും സെൻറ് മൈക്കിൾസിന് മുന്നിലുള്ള ഗ്രൗണ്ടും പാർക്കിങ്ങിന് അനുവദിക്കുന്നതിന് കന്റോൺമെൻറുമായി ചർച്ച ചെയ്യും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ-ടാക്സി സംവിധാനം പുനഃസ്ഥാപിക്കുന്നതിന് റെയിൽവേക്ക് കത്ത് നൽകും.
നഗരത്തിലുള്ള ഡിവൈഡറുകളിൽ രാത്രി വ്യക്തമായി കാണുന്നവിധത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിന് ട്രാഫിക്കിന് നിർദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിരയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൊലീസ് കമീഷണർ ബി.വി. വിജയഭാരത് റെഡ്ഡി, എ.സി.പി വി.വി. മനോജ്, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, ട്രാഫിക് എസ്.ഐ കെ.പി. അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
പാർക്കിങ്
- ഓണം സീസൺ കഴിയുംവരെ ദയ മെഡിക്കൽസ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കലക്ടറേറ്റ് മൈതാനം, നിക്ഷാൻ ഇലക്ട്രോണിക്സ് ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
- പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതികൂടിയ സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
- കണ്ണൂർ കോർപറേഷൻ മൾട്ടിലെവൽ കാർ പാർക്കിങ്ങിൽ 31വരെ ഫ്രീയായി പാർക്ക് ചെയ്യാം.
- ഓണം കഴിയുംവരെ എസ്.ബി.ഐയിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്ക് ചെയ്യാം.
- കോടതി പരിസരത്ത് നിർമാണപ്രവൃത്തി തീരുന്നതുവരെ പാർക്ക് ചെയ്യാം.
- പ്ലാസ ബസ് സ്റ്റാൻഡ് കഴിഞ്ഞ് എസ്.ബി.ഐക്ക് സമീപമുള്ള പള്ളിവരെ ഒരുഭാഗം പാർക്ക് ചെയ്യാം.
നോ പാർക്കിങ്
- പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതികൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്ക് ചെയ്യരുത്.
- ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്ക് ചെയ്യരുത്.
- എ.കെ.ജി ഹോസ്പിറ്റലിന് മുൻവശത്ത് ആംബുലൻസ് പാർക്ക് ചെയ്യരുത്.
- എസ്.ബി.ഐ ജങ്ഷൻ മുതൽ പ്ലാസ ജങ്ഷൻ, ആർ.എസ് റോഡ് തുടങ്ങി മുനീശ്വരൻ കോവിൽ വരെ പാർക്ക് ചെയ്യരുത്.
- പയ്യാമ്പലം ശ്മശാനത്തിന് സമീപം ഓട്ടോ പാർക്ക് ചെയ്യരുത്.
കാത്തിരിപ്പുകേന്ദ്രം
- റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ ബസ് സ്റ്റോപ്പിന് സമീപം ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും.
- തെക്കി ബസാറിൽ കെ.എസ്.ഇ.ബിക്ക് മുന്നിലും കൊയിലി ഹോസ്പിറ്റലിന്റെ ഭാഗത്തുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കും.
- എ.കെ.ജി ഹോസ്പിറ്റലിനടുത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും
വൺവേ
- എസ്.ബി.ഐ ജങ്ഷനിൽനിന്ന് നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന ഇടറോഡ് വൺവേ മാത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.