കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കോലുവള്ളി കമ്പിപ്പാലം
ചെറുപുഴ: കാര്യങ്കോട് പുഴയിലെ പെരുവെള്ളപ്പാച്ചിലില്‍ തകര്‍ന്ന കോലുവള്ളി പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നത് ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് നിവാസികളെ ദുരിതത്തിലാക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളിയെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിനെയും ബന്ധിപ്പിക്കുന്ന പാലം ഏറ്റവുമധികം ഉപയോഗിക്കുന്നത് മുനയംകുന്നിലുള്ളവരാണ്.
ഇവര്‍ക്ക് കോലുവള്ളി, ചെറുപുഴ, പുളിങ്ങോം ടൗണുകളുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗമായിരുന്നു കോലുവള്ളി കമ്പിപ്പാലം. വ്യാപാരാവശ്യങ്ങള്‍ക്കായി ചെറുപുഴ ഉള്‍പ്പെടെയുള്ള ടൗണുകളിലേക്കും ആരാധാലായങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കും മുനയംകുന്നിലുള്ളവര്‍ വന്നുപോകുന്നത് ഈപാലംവഴിയാണ്. ആഗസ്റ്റ് ഒന്നിന് പകല്‍ പുഴ കവിഞ്ഞൊഴുകിയതോടെ പാലത്തിന്റെ കമ്പികള്‍ ഇളകി പലകകള്‍ ഒലിച്ചുപോയി. 15 ദിവസം പിന്നിട്ടിട്ടും പാലം പുനര്‍നിര്‍മിക്കാനുള്ള നീക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ചെറുപുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം എല്ലാവര്‍ഷവും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചുവരുകയായിരുന്നു. പാലം തകര്‍ന്നതോടെ പ്രദേശവാസികളുടെ യാത്രയും ദൈനംദിന ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്. ചെറുപുഴ ഭാഗത്തേക്ക് എത്താന്‍ ഒരുതവണ ഓട്ടോ വിളിച്ച് യാത്ര ചെയ്താല്‍ 150 രൂപ വരെ ഇവര്‍ക്ക് ചെലവഴിക്കേണ്ടിവരുന്നു. പാലം ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ളതാണെങ്കിലും പുനര്‍ നിര്‍മാണം ആരംഭിച്ചാല്‍ തങ്ങള്‍ക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്നാണ് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ നിലപാട്.
ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലുള്ളതല്ല കോലുവള്ളി കമ്പിപ്പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇക്കാര്യം പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞദിവസങ്ങളില്‍ ചെറുപുഴയിലെത്തിയ മന്ത്രി സണ്ണി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പഞ്ചായത്തിനായി പ്രത്യേക പാക്കേജ് അനുവദിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അത് ലഭ്യമായാല്‍ കോലുവള്ളി പാലവും പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.