നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാർച്ചിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകയെ പൊലീസ് തടയുന്നു
നെറ്റ്: എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: നെറ്റ് പരീക്ഷ റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തിങ്കളാഴ്ച്ച വൈകീട്ട് നടന്ന മാർച്ചിലാണ് സംഘർഷാവസ്ഥയും ജലപീരങ്കി പ്രയോഗവും നടന്നത്. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
ബാരിക്കേഡ് മറികടക്കുന്ന സാഹചര്യം വന്നതോടെ ഉന്തും തള്ളുമായി. സംഘർഷാവസ്ഥയായതോടെയാണ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വിദ്യാർഥിനികളടക്കം റോഡിലേക്ക് തെറിച്ചുവീണു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മതിൽ കെട്ടിനകത്തുകയറി പ്രതിഷേധിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി. അഖില മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സ്വാതി പ്രദീപൻ, കെ.കെ. ഗിരീഷ്, കെ.പി. അലീഷ, സി.വി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.