രണ്ടാംകടവ് പണിയ സങ്കേത്തിലേക്ക് തോടിന് കുറുകെയുള്ള നടപ്പാലം
ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിലെ ഗതാഗത സൗകര്യമില്ലാത ഏക പട്ടിക വർഗ സങ്കേതമാണ് അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പണിയ സങ്കേതം. 20ലധികം പണിയ കുടൂംബങ്ങൾ റോഡിന് ഒരുവശം, എതിർവശം പത്തോളം മറ്റ് കുടുംബങ്ങൾ എന്നിങ്ങനെയാണ് താമസം. രണ്ടാംകടവിലൂടെ ഒഴുകുന്ന കിളിയന്തറ തോട്ടിന് കറുകെ പണിത നടപ്പാലത്തിലൂടെ തോട് കടന്ന് റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകാമെങ്കിലും വാഹനത്തിന് അക്കരെ നിന്നും ഇക്കരെ കടക്കാൻ മാർഗമില്ല. പുഴക്ക് കുറുകെ ഒരു പാലം വേണമെന്ന പ്രദേശവാസികളുടെ 30 വർഷമായി തുടരുന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
പട്ടിക വർഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമിക്കുന്നതിനായി ഇതിനകം മൂന്ന് എസ്റ്റിമേറ്റുകൾ തയാറാക്കി. ആദ്യം 36 ലക്ഷം, പിന്നീട് 40 ലക്ഷം, അവസാനം 1.74 കോടി എന്നിങ്ങനെയായിരുന്നു തുക. 40 ലക്ഷത്തിന്റെ എസ്റ്റിമേറ്റിനൊപ്പം സോഷ്യൽ മാപ്പ്, ട്രൈബൽ ഓഫീസിൽ നിന്നുള്ള ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ജില്ലാ കലക്ടർ ചെയർമാനായ പട്ടിക ജില്ലാ വർക്കിങ്ഗ്രൂപ്പിന്റെ അംഗീകാരത്തോടെയും സണ്ണിജോസഫ് എം.എൽ.എയുടെ ശിപാർശയോടെയും പട്ടിക വർഗ ഡയരക്ടറുടെ കാര്യാലയത്തിൽ എത്തിച്ച ഫയലിൽ ഇനിയും തീർപ്പായിട്ടില്ല. പത്ത് വർഷത്തിലധികമായി ഡയറക്ടറുടെ ഓഫീസിൽ തീർപ്പുകാത്തിരിക്കയാണ് ആ ഫയൽ.
2022ൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ എം.എൽ.എ മുഖാന്തരം അന്നത്തെ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി. മന്ത്രിയുടെ നിർദേശപ്രകാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ എൻജിനീയർ വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി കണ്ണൂർ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെ കാര്യത്തിൽ സമർപ്പിച്ചിട്ടും ഒരു നടപടിയുമായില്ല. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം തേടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ടാം കടവ് സ്വദേശിയുമായ പി.സി. ജോസ് മന്ത്രി സണ്ണിജോസഫ് മുഖേനെ മന്ത്രി കെ.എ. തുളസിക്ക് വീണ്ടും നിവേദനം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.