സി.പി.എം വിശാല ജില്ല സമിതിക്ക് ഇന്ന് തുടക്കം; കൂടുതൽ ക്ഷണിതാക്കളെത്തും
കണ്ണൂർ: ഇന്നും നാളെയുമായി നടക്കുന്ന സി.പി.എം ജില്ല വിശാല സമിതിയോഗത്തോടെ ഇതര ജില്ലകളിലേത് പോലെ കൂടുതൽ ക്ഷണിതാക്കൾ നേതൃത്വത്തിലെത്തും. ജില്ല കമ്മിറ്റിയില് ടി.കെ. ഗോവിന്ദന്, വി. കുഞ്ഞികൃഷ്ണന് എന്നിവര് പോയതോടെ രണ്ട് ഒഴിവുണ്ട്. ഇവ നികത്താനും കമ്മിറ്റി വിപുലീകരിക്കാനും മഹിള, യുവജന, വിദ്യാര്ഥി, അനുബന്ധ സംഘടനകളില് നിന്ന് ക്ഷണിതാക്കളെ ഉള്പ്പെടുത്താനുമുള്ള നിര്ദേശങ്ങളാണ് ഉയരുക. നിലവിൽ 50 അംഗ ജില്ല സമിതിയാണ് കണ്ണൂരിലേത്. ടി.കെ.ഗോവിന്ദനു പകരം ജില്ല സെക്രട്ടേറിയറ്റിൽ ആരാണ് എത്തുകയെന്നതും പ്രധാനമാണ്.
എസ്.എഫ്.ഐ ജില്ല സെക്രട്ടറിയെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധ്യതയേറെ. സി.എം.ആര്.എല്-എക്സാലോജിക് കേസില് പിണറായി വിജയനെതിരെ നിയമനടപടികള് മുറുകുന്നതിനിടെയാണ് അദ്ദേഹം ജില്ലയിലെ യോഗത്തില് പങ്കെടുക്കുന്നത്.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്വി തന്നെയാവും ജില്ല സമിതിയിലെ ഏറ്റവും വലിയ ചർച്ചകൾ. പാര്ട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരിലും പാര്ട്ടി വിട്ട ടി.കെ. ഗോവിന്ദന് തളിപ്പറമ്പിലും ജയിച്ചത് സംസ്ഥാന തലത്തിൽ തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ജില്ലയിലെ സ്ഥാനാർഥി പട്ടികയിൽ ന്യൂനപക്ഷ വിഭാഗത്തിൽ ആരുമില്ലാത്തതും ചർച്ചയാവും.
സ്ഥാനാര്ഥി നിര്ണയത്തില് വീഴ്ച പറ്റിയെന്ന് പാര്ട്ടി സമ്മതിക്കുന്നുണ്ടെങ്കിലും ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. ജില്ല ഘടകത്തെ മാത്രം പഴിക്കുന്നതിനെ വിശാല സംസ്ഥാന സമിതിയില് കണ്ണൂരിൽ നിന്നുള്ള പ്രതിനിധികള് എതിര്ത്തിരുന്നു.
ഈ നിലപാടില് ജില്ലസമിതിയോഗത്തിലും പ്രതിനിധികള് ഉറച്ചുനില്ക്കും. പിണറായിയുടേയും എം.വി.ഗോവിന്ദന്റെയും അറിവോടെ അല്ലാതെ ജില്ല നേതൃത്വം ഒരു തീരുമാനവും എടുക്കില്ലെന്ന് പ്രവർത്തകർക്ക് ബോധ്യമുണ്ട്.
പയ്യന്നൂരിൽ കടുത്ത വിഭാഗീയതയും ഫണ്ട് വിവാദവും തോല്വിക്കു കാരണമായെന്ന് പാര്ട്ടി അന്വേഷണ റിപ്പോർട്ട്. വിഭാഗീയത നിലനിൽക്കുന്ന ഏരിയ കമ്മിറ്റിയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മട്ടന്നൂരിൽനിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കലാണെന്ന പ്രചാരണം തിരിച്ചടിയായി. നിയമസഭ തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തിനുശേഷം പിണറായി-എം.വി.ഗോവിന്ദൻ- കെ.കെ. രാഗേഷ് എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കടുത്ത വിമർശനമാണ് ജില്ലയിൽ ഉയർന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.