പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യമുക്ത പ്രദേശം
കണ്ണൂർ: പയ്യാമ്പലം ബീച്ചിനേയും പാർക്കിനേയും പരിസരത്തേയും നിർബന്ധിത മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ കലക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026 ലെ ഖര മാലിന്യ നിയന്ത്രണ നിയമം, 2026 മേയ് 18ന് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്, 2026 മേയ് അഞ്ചിലെ സുപ്രീംകോടതി വിധി, മുനിസിപ്പാലിറ്റി നിയമം, ഫുഡ് സേഫ്റ്റി നിയമം, പയ്യാമ്പലം ബീച്ചിലും പാർക്കിലും ജില്ല ഭരണകൂടം നേരിട്ട് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. നിർബന്ധിത മാലിന്യമുക്ത കേന്ദ്രമാകുന്നതോടെ പ്രദേശത്ത് ചപ്പുചവറുകളോ ഖര മാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റകരമാവും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യും.
ഉദ്യോഗസ്ഥതല സമിതിക്ക് രൂപം നൽകി
ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥതല പയ്യാമ്പലം സോൺ മാനേജ്മെൻറ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. ഡി.ടി.പി.സി, കണ്ണൂർ കോർപറേഷൻ, ജില്ല ശുചിത്വ മിഷൻ, കേരള സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ്, പൊലീസ്, തദ്ദേശ വകുപ്പ്, തീരദേശ പൊലീസ്, മറ്റ് വകുപ്പുകൾ, കലക്ടർ നാമനിർദേശം ചെയ്യുന്ന മറ്റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ സമിതി.
പയ്യാമ്പലം ബീച്ച്, പാർക്ക്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യ സംസ്കരണം, പുല്ല് ചെത്തൽ, മോടി പിടിപ്പിക്കൽ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നേരിട്ട് പരിശോധിക്കുകയും റിപ്പോർട്ട് തയാറാക്കലുമാണ് കമ്മിറ്റി അംഗങ്ങളുടെ ചുമതല. ഈ റിപ്പോർട്ട് ആഴ്ചതോറും ക്രോഡീകരിച്ച് ഡി.ടി.പി.സി ജില്ല കലക്ടർക്ക് സമർപ്പിക്കണം. അടിയന്തര പ്രശ്നങ്ങൾ കണ്ടാൽ കമ്മിറ്റി അംഗങ്ങൾക്ക് തത്സമയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താം.
രണ്ടാഴ്ച മുന്നറിയിപ്പ് കാലം
ഇനിയുള്ള രണ്ടാഴ്ചക്കാലം മുന്നറിയിപ്പ് കാലമായി കണക്കാക്കും. പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത കേന്ദ്രം എന്ന ബോർഡുകളിലൂടെയും അനൗൺസ്മെൻറുകളിലൂടെയും പ്രദേശവാസികളുടെയും അവിടെയെത്തുന്ന സഞ്ചാരികളുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാൽ നടപടികളിലേക്ക് പോവുക. പയ്യാമ്പലം സോൺ മാനേജ്മെൻറ് കമ്മിറ്റിക്ക് പുറമേ, ഡി.ടി.പി.സി, കണ്ണൂർ കോർപറേഷൻ, ശുചിത്വ മിഷൻ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്.
പയ്യാമ്പലം പാർക്കിന്റെ ശുചിത്വം, കൃത്യമായ മാലിന്യ ശേഖരണം, സമയബന്ധിതമായ സംസ്കരണം, സന്ദർശക ഇടങ്ങൾ തൂത്തുവാരൽ, പുല്ല് ചെത്തൽ, പുൽത്തകിടിയുടെ സംരക്ഷണം, നിർബന്ധിത മാലിന്യമുക്ത കേന്ദ്രമെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ വൃത്തിയാക്കൽ, സി.സി ടി.വി കാമറ സ്ഥാപിക്കൽ, സന്ദർശകർക്കൂം പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും കൃത്യമായ നിർദേശം നൽകൽ തുടങ്ങിയവ ഡി.ടി പി.സി നടപ്പാക്കണം. പയ്യാമ്പലത്ത് നോഡൽ ഓഫിസറെ നിയോഗിക്കുക, തുടങ്ങിയവയാണ് സിറ്റി പൊലീസ് കമീഷണറുടെ ചുമതല. അസി. കലക്ടർ എസ്. സ്വാതി, എ.ഡി.എം കെ. ബാലഗോപാലൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.