തന്നെ സംഘടന പ്രവർത്തകനാക്കിയത് ബ്രണ്ണൻ കോളജ് -പിണറായി വിജയൻ
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജാണ് തന്നെ സംഘടന പ്രവർത്തകനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബ്രണ്ണനിൽ ഡിഗ്രി വിദ്യാർഥിയായി എത്തിയതോടെയാണ് താൻ സംഘടന പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നത്. ബ്രണ്ണൻ കോളജ് പൂർവ വിദ്യാർഥികളുടെ ബ്രണ്ണൻ അല സുവനീർ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഠിക്കുന്ന കാലത്ത് പ്രിൻസിപ്പൽ രക്ഷിതാവിനെ കൂട്ടി കൊണ്ടുവരാൻ പറഞ്ഞ കാര്യവും പിണറായി അനുസ്മരിച്ചു. ഏട്ടനെയും കൂട്ടിയാണ് കോളജിലെത്തിയത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് തന്നെക്കുറിച്ച് പ്രിൻസിപ്പൽ ഏട്ടനോട് പരാതി പറഞ്ഞത്. മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അനുവദിച്ച് കൊടുത്തതാണെന്ന് പറഞ്ഞിട്ടാണ് ഏട്ടൻ അന്ന് മടങ്ങിയത്. തന്നെക്കാൾ വലിയ പുള്ളിയാണല്ലോ ഏട്ടൻ എന്നാണ് പ്രിൻസിപ്പൽ തന്നോട് പിന്നീട് പറഞ്ഞത്. പൂർവ വിദ്യാർഥി സംഘടനകൾക്ക് കോളജിന്റെ സമഗ്രവികസനത്തിന് സക്രിയമായി ഇടപെടാൻ കഴിയുമെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളജെന്നും പിണറായി പറഞ്ഞു.
കോളജ് ശതോത്തര ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരി എസ്. സിത്താരക്ക് സുവനീർ നൽകിയായിരുന്നു പ്രകാശനം. മുൻ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഒ.സി. അലോഷ്യസ്, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് സി. എൻ. ചന്ദ്രൻ, വി.എ. നാരായണൻ, അജയൻ മീനോത്ത്, പുത്തൂർ മുസ്തഫ, കോളജ് യൂനിയൻ ചെയർമാൻ അമൽ ബാബു, അഡ്വ. വി. പ്രദീപൻ, എൻ.ആർ. മായൻ, പി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
ഡോ. എ. വത്സലൻ സ്വാഗതവും ഡോ കെ.പി. മഞ്ജുള നന്ദിയും പറഞ്ഞു. അഡ്വ. എ.എൻ. ഷംസീർ ചെയർമാനും പി. ഷിജിൻ ജനറൽ കൺവീനറുമായി 101 അംഗ ബ്രണ്ണൻ അല സീസൺ രണ്ട് സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.