വനിത ജയിലിൽ നിന്ന് എം.ഡി.എം.എ പിടികൂടി; രണ്ട് യുവതികൾക്കെതിരെ കേസ്
കണ്ണൂര്: അടുത്തിടെ മയക്കുമരുന്ന് കേസില് പിടിയിലായി കണ്ണൂര് വിമന്സ് ആന്റ് കറക്ഷൻ ഹോമില് റിമാന്റ് ചെയ്ത യുവതികളില് നിന്ന് എം.ഡി.എം.എ പിടികൂടി. ജയിലിലെ അന്തേവാസികളായ വടകര കോട്ടക്കടവ് പലേലി പാലം കാരക്കാട്ടിന്റെ വീട്ടില് സാബിറ എന്ന രോഷ്നി സാവിയോ (33), തലശേരി ചാലില് അമ്പലപ്പറമ്പത്ത് പി.കെ. റുബൈദ (39) എന്നിവര്ക്കെതിരെയാണ് കണ്ണൂർ ടൗണ് പൊലീസ് കേസെടുത്തത്. ജയിലില് എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്ന്ന് ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 30 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടര്ന്ന് ടൗണ് പൊലീസില് വിവരമറിയിക്കുകയായിരുന്നു.
ജയില് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന സ്മിത പറമ്പന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ 11ന് ന്യൂമാഹിയില് 16.538 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതാണ് റുബൈദ. കോഴിക്കോട് വേളം സ്വദേശി വി.പി. അജ്മലും (34) ഒപ്പം പിടിയിലായിരുന്നു. ന്യൂമാഹി അഴീക്കലിലെ വാടകവീട്ടില് പരിശോധന നടത്തിയാണ് എം.ഡി.എം.എ സഹിതം ഇവരെ പിടികൂടിയത്.
കഴിഞ്ഞ അഞ്ചിന് ഇരിട്ടി പൊലീസ് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതിയാണ് സാബിറ എന്ന രോഷ്നി സാവിയോ. ഇവരുടെ ആണ്സുഹൃത്ത് കോട്ടയം കാടനാട് ചെമ്മായത്ത് മുല്ലക്കല് വീട്ടില് സാവിയോ മാത്യു (27)വും അന്ന് രോഷ്നിക്കൊപ്പം പിടിയിലായിരുന്നു.
സി.കെ. സാബിറയാണ് സാവിയോ മാത്യുവിനൊപ്പം താമസം തുടങ്ങിയതിന് പിറകെ പേര് രോഷ്നി സാവിയോ എന്ന് മാറ്റിയത്. ജയിലിലെത്തിയ സാബിറയും റുബൈദയും പരസ്പര സഹായികളായി വര്ത്തിച്ച് എം.ഡി.എം.എ ഇടപാട് നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.