കണ്ണൂർ വിജിലൻസിൽ കൂട്ട സ്ഥലംമാറ്റത്തിന് നീക്കം
കണ്ണൂർ: മാനദണ്ഡങ്ങൾ പാലിക്കാതെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ കൂട്ട സ്ഥലംമാറ്റത്തിന് നീക്കം. ഭരണമാറ്റത്തിനു ശേഷം ആദ്യമായാണ് വിജിലൻസിൽ ഇത്തരമൊരു നീക്കം തുടങ്ങിയത്. സംസ്ഥാനത്തു തന്നെ മികച്ച പ്രവർത്തനം നടത്തി വന്നിരുന്ന കണ്ണൂർ വിജിലൻസിൽ അഞ്ച് വർഷം പോലും തികയാത്തവരെയാണ് പൊലീസിന്റെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. അഞ്ച് വർഷം പൂർത്തിയാക്കിയവരെ മാത്രമേ സ്ഥലം മാറ്റാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ, ഭരണാനുകൂലികളായ പൊലീസുകാരെ വിജിലൻസിലും എത്തിക്കുന്നതിനു വേണ്ടിയാണ് നിലവിൽ തിരക്കിട്ട നീക്കം തുടങ്ങിയതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി നിരവധി അഴിമതികൾ പുറത്തു കൊണ്ടുവന്ന വിജിലൻസ് യൂനിറ്റാണ് കണ്ണൂരിലേത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനും സാധിച്ചിട്ടുണ്ട്. ഒടുവിൽ യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിലെ വൻ ക്രമക്കേട് കണ്ടെത്തിയതും വിജിലൻസാണ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. പിന്നാലെ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിനെ ധൃതി പിടിച്ച് സ്ഥലം മാറ്റുകയാണുണ്ടായത്. കോർപറേഷൻ ക്രമക്കേടിൽ പലർക്കും വലിയ പങ്കുണ്ടെന്നത് പുറത്തുവരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനായ ബാബു പെരിങ്ങേത്തിനെ തൃശൂർ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത്.
പകരം നിയമിച്ച ഡിവൈ.എസ്.പി ജേക്കബ് ഇതുവരെ ചുമതലയേറ്റിട്ടുമില്ല. കണ്ണൂർ വിജിലൻസിൽ 22 പൊലീസുകാരാണുള്ളത്. ഇതിൽ നാമമാത്രയാളുകൾ മാത്രമാണ് അഞ്ച് വർഷം പൂർത്തിയാക്കിയവർ. ഇവരെ സ്ഥലം മാറ്റുന്നതിനൊപ്പം തന്നെ രണ്ടും മൂന്നും വർഷം മാത്രം ജോലി ചെയ്ത പൊലീസുകാരെയും മാറ്റാനാണ് നീക്കം ശക്തമായത്.
ഇനി പുതിയ ഡിവൈ.എസ്.പി ചുമതലയേൽക്കുന്നതോടെ വിജിലൻസിലെ നിലവിലുള്ള പൊലീസുകാരുടെ സ്ഥലംമാറ്റ ഉത്തരവിറക്കുമെന്നാണ് അറിയുന്നത്. പകരം നിയമിക്കേണ്ടവരുടെ പട്ടികയും തയാറായിട്ടുണ്ടെന്നാണ് സൂചന. ഭരണ മുന്നണി അസോസിയേഷനിൽ പെട്ടവരാണ് ഏറെയും പകരം നിയമിക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.