റോഡ്​ വീതികൂട്ടി നവീകരിക്കണം

എടക്കാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സി.വി. ഇബ്രാഹിം മാസ്റ്റർ റോഡ് ശോച്യാവസ്ഥയിൽ. മാരാൻകണ്ടി തോടിനോട്​ ചേർന്ന് പോകുന്ന റോഡിൽ മഴക്കാലമായാൽ വെള്ളം കയറി ഗതാഗതതടസ്സവും കാൽനടയും പ്രയാസമാണ്. എടക്കാട് നിന്ന്​ പാച്ചാക്കര സ്കൂൾ വഴി മുഴപ്പിലങ്ങാട് എത്തുന്ന റോഡിന് മണപ്പുറം പള്ളി മുതൽ പാച്ചാക്കര വരെ മൂന്ന് കിലോമീറ്റർ ആവശ്യത്തിന്​ വീതി ഇല്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. പല സ്ഥലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്​. റോഡിന്‍റെ തുടക്കത്തിൽ നവീകരണം ലക്ഷ്യമിട്ടാണ്​ എടക്കാട് മുനീറുൽ ഇസ്​ലാം മദ്​റസയുടെ ഒരു ഭാഗം പൊളിച്ചു നീക്കിയത്​. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇബ്രാഹിം മാസ്റ്റർ റോഡിന്‍റെ ദുരവസ്ഥക്ക്​ മാറ്റമില്ല. മദ്​റസയുടെ മുകൾ ഭാഗം പൊളിച്ച് താഴെഭാഗം അതേപടി നിലനിർത്തിയത് കാരണം റോഡ് പഴയ പോലെ വീതികുറഞ്ഞ അവസ്ഥയിൽ തന്നെയാണെന്ന്​ നാട്ടുകാർ പറഞ്ഞു. റോഡ്​ വീതി കൂട്ടി റീ ടാറിങ് നടത്തി നവീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.