പൊരൂണി വയലിൽ കണ്ടൽ കിളിർത്തു തുടങ്ങി

പയ്യന്നൂർ: ഹൈകോടതി വിധിയെ തുടർന്ന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ താമരംകുളങ്ങരയിലെ പൊരൂണിവയലിലും കൈപ്പാടിലുമായി ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതിനു പകരമായി നട്ട പുതിയ കണ്ടൽച്ചെടികൾ കിളിർത്തു തുടങ്ങി. ഇനി സർക്കാർ ഈ സ്ഥലം വില കൊടുത്തുവാങ്ങി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ഒന്നര പതിറ്റാണ്ട് മുമ്പ് സാമൂഹിക വനവത്കരണ പദ്ധതിപ്രകാരം കുഞ്ഞിമംഗലത്തെ കണ്ടൽനിലങ്ങൾ വിലക്കുവാങ്ങാൻ ഒരു കോടി രൂപ സർക്കാർ നീക്കിവെച്ചിരുന്നുവെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.

അതുകൊണ്ടുതന്നെ പുതിയ കണ്ടൽ നടാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നതിനു പകരം ആ തുക ഉപയോഗിച്ച്‌ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വിലനൽകി വാങ്ങി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കണ്ടൽ സംരക്ഷണത്തിന് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച പി.പി. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുഞ്ഞിമംഗലത്ത് മൂന്ന് പതിറ്റാണ്ടു മുമ്പ് പരിസ്ഥിതി പ്രവർത്തകരും സംഘടനകളും വില കൊടുത്തു വാങ്ങി ഏക്കർ കണക്കിന് കണ്ടലുകൾ സംരക്ഷിക്കുന്നുണ്ട്. ഇത് സർക്കാർ മാതൃകയാക്കണം.

കുഞ്ഞിമംഗലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത്. ഇവിടെയാണ് കണ്ടലുകൾ നശിപ്പിച്ചത്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജൻ ഹൈകോടതിയെ സമീപിക്കുകയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബർ 13ന് പരിസ്ഥിതി സംരക്ഷണത്തിന് ഇന്ധനമാകുന്ന സുപ്രധാന വിധി പ്രസ്താവിക്കുകയുമായിരുന്നു.

വിധി പ്രഖ്യാപിച്ച ദിവസംതൊട്ട് മൂന്ന് മാസത്തിനുള്ളിൽ തണ്ണീർത്തടങ്ങളിൽ നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങളടങ്ങിയ മുഴുവൻ മണ്ണും നീക്കം ചെയ്യണമെന്നും നശിപ്പിക്കപ്പെട്ട ഓരോ കണ്ടലിനും പകരമായി ഏറ്റവും ചുരുങ്ങിയത് മൂന്നെണ്ണം വീതമെങ്കിലും നട്ട് പരിപാലിക്കണമെന്നും വിധിച്ചു. ഇതാണ് നടപ്പിലായത്.

കൂടാതെ കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് വനംവകുപ്പ്, റവന്യൂ വകുപ്പ്, തീരദേശ അതോറിറ്റി എന്നിവയുടെ ജീവനക്കാരുൾപ്പെടുന്ന മൂന്ന് പേരടങ്ങുന്ന മോണിറ്ററിങ് കമ്മറ്റി രൂപവത്കരിക്കണമെന്നും വിധിന്യായത്തിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ കണ്ടൽ സംരക്ഷണത്തിന് തന്നെ സുപ്രധാനമായ ചരിത്രവിധിയാണ് ഉണ്ടായത്.

Tags:    
News Summary - Mangroves have begun to sprout in the Poruni field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.