ഫുൾ ഓഫ് വൈബ്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പിൽ മുത്തമിട്ട ജില്ല ടീമിന് സ്വീകരണം

കണ്ണൂർ: തൃശൂർ പൂരപ്പറമ്പിലെ കിരീട രാജാക്കൻമാർക്ക് രാജകീയ സ്വീകരണമൊരുക്കി കണ്ണൂർ പൗരാവലി. തൃശൂരിൽ നടന്ന 64ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കിയ കണ്ണൂർ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. കണ്ണൂർ നഗരത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ബിനോയ്‌ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂർ സ്വർണക്കിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

രാവിലെ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ടി. ശബ്ന, സ്ഥിരംസമിതി അധ്യക്ഷൻമാരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ. അനുശ്രീ, പി. പ്രസന്ന, സി.കെ. മുഹമ്മദലി, പി.വി. ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡന്റ് എം.കെ. സെയ്ത്തു, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ല വിദ്യാഭ്യാസ ഓഫിസർ പി. ശകുന്തള, എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ ഇ. വിനോദ് പങ്കെടുത്തു. തുടർന്ന് തലശ്ശേരി, ധർമടം പോസ്റ്റ് ഓഫിസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗൺ, താഴെ ചൊവ്വ, മേലെ ചൊവ്വ, കാൽടെക്സ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ബാന്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയികളെ സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും കപ്പിന് ഹാരാര്‍പ്പണം നടത്തിയും നഗരം വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നു.

Tags:    
News Summary - Kannur welcomes the district team that won the cup at the state school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.