സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ പരിശോധനയുടെ പ്രാഥമിക നടപടികൾ കെ.വി. സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ നടക്കുന്നു

കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ പരിശോധന തുടങ്ങി

കണ്ണൂർ: കിണർ വെള്ളത്തിൽ ഇന്ധനസാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ പരിശോധനയുടെ പ്രാഥമിക നടപടികൾക്ക് തുടക്കം. ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാനാരംഭിച്ചു. ഇന്ധനം പൂർണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളം നിറച്ച് സമ്മർദ പരിശോധന നടത്തും. കെ.വി. സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്.

20,000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിലുള്ളത്. ഇവയിൽ ആദ്യത്തെ ടാങ്കിൽനിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്റെ സമ്മർദ പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മർദ പരിശോധന നടത്തും. എ.ഡി.എം കലാഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ സമ്മർദ പരിശോധന ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിർദേശം നല്‍കിയിരുന്നു.

കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പരാതിയിൽ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി. പള്ളിക്കുന്ന് ഡിവിഷൻ കൗണ്‍സിലര്‍ ദീപ്തി വിനോദ്, നാലാം ഡിവിഷൻ കൗൺസിലർ പി. മഹേഷ്, ജയിൽ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ടുമാരായ പി.ടി. സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് മാനേജർ കെ. ഹസീബ്, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.സി. ശ്രീജിത്ത് എന്നിവർ സന്നിഹിതരായി.

Tags:    
News Summary - Presence of fuel in wells: Pressure testing of tanks begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.