ഭീതിയോടെ ജനം: വഴികൾ കൈയടക്കി തെരുവുനായ്​ക്കൾ

ഭീതിയോടെ ജനം: വഴികൾ കൈയടക്കി തെരുവുനായ്​ക്കൾ ഫോട്ടോ: SKPM Dogcap: ശ്രീകണ്ഠപുരം കോട്ടൂരിലെ തെരുവുനായ്ക്കൾ കോട്ടൂർ റോഡ്, പയ്യാവൂർ റോഡ്, പരിപ്പായി, ചെങ്ങളായി ഭാഗങ്ങളിൽ നായ്​ശല്യം രൂക്ഷം ശ്രീകണ്ഠപുരം: നഗരത്തിലും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാക്കി തെരുവുനായ്​ക്കൾ. റോഡുകളും മറ്റു വഴികളും നായ്​ക്കൾ കൈയടക്കിയതോടെ പുറത്തിറങ്ങാനാവാതെ കഷ്​ടപ്പെടുകയാണ് യാത്രക്കാരും വാഹനങ്ങളും. ശ്രീകണ്ഠപുരം ബസ്​സ്​റ്റാൻഡിൽ തെരുവുനായ്​ക്കൾ കൂട്ടത്തോടെയിറങ്ങി കഴിഞ്ഞ ദിവസം ഭീതിപരത്തിയിരുന്നു. യാത്രക്കാരെ നായ്​ക്കൾ പിന്തുടർന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബസ്​സ്​റ്റാൻഡിൽ മത്സ്യമാർക്കറ്റ് കവാടത്തിലാണ് നായ്​ക്കൾ കൂടുതലായും ചുറ്റിക്കറങ്ങുന്നത്. കോട്ടൂർ റോഡ്, പയ്യാവൂർ റോഡ്, പരിപ്പായി, ചെങ്ങളായി എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളിലും ഇടവഴികളിലുമെല്ലാം രാപ്പകൽ ഭേദമന്യേ തെരുവുനായ്ക്കൂട്ടങ്ങൾ വിലസുകയാണ്. രാത്രിയാത്രികരും പുലർച്ചെ പത്രവിതരണത്തിനും മറ്റും പോകുന്നവരുമെല്ലാം ഭീതിയോടെയാണ് കടന്നുപോകുന്നത്. ചില തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് പിറകെ ഓടി​ അപകടമുണ്ടാക്കുന്നത്​ പതിവാണ്​. തെരുവുനായ്​ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭയിലും മറ്റും പല തവണ പരാതി നൽകിയിരുന്നു. എന്നാൽ, ​നായ്ക്കളെ പിടികൂടുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും മറ്റും പറയുന്നു. മലയോര മേഖലയിലെ മിക്ക ടൗണുകളിലും നേരത്തേതന്നെ തെരുവുനായ്​ ശല്യം രൂക്ഷമാവുകയും പലർക്കും കടിയേൽക്കുകയും ചെയ്തിരുന്നു. മാലിന്യം കടിച്ചെടുത്ത് റോഡിലും വീട്ടുപരിസരങ്ങളിലും കൊണ്ടിടുന്നതും വർധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.