കണ്ണൂർ വിമാനത്താവളം: പറന്നുയർന്ന് സ്വർണം; കൂട്ടിന് കസ്റ്റംസും-സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജോലിനഷ്ടമായത് മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കാണ് ജോലി നഷ്ടമായത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് അപൂർവങ്ങളിൽ അപൂർവമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക. അതും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും കസ്റ്റംസും നടത്തുന്നത്. 2019 ആഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ നാലര കിലോഗ്രാം സ്വർണവുമായി മൂന്നുപേർ റവന്യൂ ഇൻറലിജൻസിൻെറ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. കണ്ണൂരിൽ മുമ്പ് നടന്ന സ്വർണക്കടത്തിനും കൂടുതൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നുവെന്ന കാര്യവും ഡി.ആർ.ഐയുടെ അന്വേഷണപരിധിയിലാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണിലേക്ക് സ്ഥിരമായും തിരിച്ചും ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ ഡി.ആർ.ഐ ശേഖരിച്ചിരുന്നു. ഇതിനായി സൈബർ സെല്ലിൻെറ സഹായവും തേടി. ഇങ്ങനെയാണ് കേസിൽ കസ്റ്റംസ് ഉദ്യോഗസ്രുടെ പങ്കിനെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്. ഉദ്യോഗസ്ഥർ നടത്തിയ വിദേശയാത്രയെ കുറിച്ചും അന്വേഷിച്ചിരുന്നു.സ്വർണവുമായി എത്തുന്ന യാത്രക്കാരെ എക്സ്റെ, മെറ്റൽ ഡിറ്റക്ടർ പരിശോധന കൂടാതെ കടത്തിവിടുകയാണ് പതിവ്. ഡി.ആർ.ഐ പരിശോധനയിൽ കള്ളക്കളി പുറത്താകുകയായിരുന്നു. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ തെളിവുകൾക്കായി ഫോറൻസിക് പരിശോധനയും നടത്തിയിരുന്നു. ജയിലിൽ കഴിയുന്ന ടി.പി വധക്കേസ് പ്രതികളടക്കം കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നുവെന്ന കൂടുതൽ തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സ്വർണക്കടത്ത് വാർത്തകൾ ദേശീയശ്രദ്ധ പിടിച്ചുപറ്റുമ്പോഴും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കടത്ത് അയവില്ലാതെ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇവിടെ സ്വർണക്കടത്ത് ആവർത്തിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷത്തിനിടെ 125 കിലോയിലധികം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി കടത്തുന്നതിനിടെ പിടികൂടിയത്. ഉദ്ഘാടനം ചെയ്ത് 17ാം ദിവസമായ 2018 ഡിസംബര്‍ 25ന് ആദ്യമായി പിടികൂടിയത് രണ്ട് കിലോ സ്വര്‍ണമായിരുന്നു. കേസിൽ പിണറായി സ്വദേശിയെയായിരുന്നു അന്ന് കസ്റ്റംസ് പിടികൂടിയത്. കോവിഡ് പ്രതിരോധ വേളയിലും കണ്ണൂർ വഴിയുള്ള സ്വർണക്കടത്തിന് ഒരു കുറവുമില്ലായിരുന്നു. ഈ വര്‍ഷം ഇതുവരെയായി 50നടുത്ത് ചെറുതും വലുതുമായ സ്വർണവേട്ടയാണ് കണ്ണൂർ വിമാനത്താവളത്തിൽ നടന്നത്. കണ്ണൂരിലെ സ്വര്‍ണക്കടത്ത് ഏറെയും മലദ്വാരത്തിലൂടെയാണ് എന്നതാണ് പ്രത്യേകത. പ്രത്യേക ഉറയില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് ഏറെയും കടത്ത്. മൂന്ന് അടിവസ്ത്രം ധരിച്ച് അതില്‍ രണ്ടെണ്ണത്തില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചുകടത്തിയ ചരിത്രവും കണ്ണൂരിനുമാത്രം. സ്വര്‍ണക്കടത്തിന് ഒരു സ്ത്രീ പിടിയിലായതും ഇവിടെ തന്നെ. വിമാനത്തിൻെറ ശുചിമുറിയിലെ മാലിന്യത്തില്‍ നാഥനില്ലാതെ സ്വര്‍ണം കണ്ടെത്തിയ സംഭവം അടുത്തിടെയാണ് നടന്നത്......................................................................ശിക്ഷ 'ചെറുത്'; കടത്തിലേറെയും യുവാക്കൾകണ്ണൂർ: നിയമത്തിലെ പഴുതും കടുത്ത ശിക്ഷയില്ലാത്തതുമാണ് സ്വർണക്കടത്ത് കൂടാൻ കാരണമായി കസ്റ്റംസ് ഉദ്യോഗഗസ്ഥർ വിലയിരുത്തുന്നത്. ഇതുകൊണ്ടുതന്നെ കൂടുതലും യുവാക്കളാണ് ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നത്. ഒരുകോടിക്ക് മുകളിലുള്ള സ്വർണം പിടികൂടിയാൽ മാത്രമേ അറസ്റ്റ് നടപടി കൈക്കൊള്ളുന്നുള്ളൂ. അതിന് താഴെയുള്ള കടത്തിൽ നികുതിയടച്ച് സ്വയം ജാമ്യത്തിൽ പ്രതിക്ക് പുറത്തിറങ്ങാം എന്നതാണ് നിയമം. അതിനാൽതന്നെ സ്വർണക്കടത്തിൽ പിടികൂടുന്ന 'കാരിയർ'മാറിൽ മിക്കവാറും യുവാക്കളായിരിക്കും. കേസിൽ കുടുങ്ങിയാലും ശിക്ഷ കിട്ടില്ല എന്ന ഉറപ്പും പിടിക്കപ്പെട്ടില്ലെങ്കിൽ ലഭിക്കുന്ന കമീഷൻ തുകയുമാണ് യുവാക്കളെ കടത്തിന് കൂടുതൽ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.