തെങ്ങിൽ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിരക്ഷ പ്രവർത്തകർ താഴെയിറക്കി

തളിപ്പറമ്പ്: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തെങ്ങിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷ സേനാംഗങ്ങൾ താഴെയിറക്കി. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ അതിസാഹസികമായാണ് ചെത്തുതൊഴിലാളിയായ യുവാവിനെ തെങ്ങിൽനിന്നും താഴെയിറക്കിയത്. നണിയൂർ കള്ളുഷാപ്പിന് സമീപം കള്ളുചെത്താൻ കയറിയ ചെറുപഴശ്ശിയിലെ ഷിബുവാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെങ്ങിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പതിവുപോലെ 35 അടിയോളം ഉയരമുള്ള തെങ്ങിൽ കള്ളുചെത്താൻ കയറിയ ഷിബുവിന് ക്ഷീണമനുഭവപ്പെടുകയായിരുന്നു. തനിച്ച് തെങ്ങിൽനിന്ന് ഇറങ്ങുന്നത് അപകടമാണെന്ന് മനസ്സിലാക്കി അവിടെ തന്നെ മുറുകെ പിടിച്ചിരിക്കുകയായിരുന്ന ഷിബുവിനെ അപകടം മനസ്സിലാക്കിയ നാട്ടുകാരായ രണ്ട് ചെത്ത് തൊഴിലാളികൾ തെങ്ങിൽകയറി തെങ്ങിന്റെ മണ്ടയിൽ കെട്ടിയിട്ടു. തുടർന്ന് തളിപ്പറമ്പ് അഗ്നിശമന സേനയെ വിവരമറിയിച്ചു. തളിപ്പറമ്പിൽനിന്നും സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ ഫിലിപ്പ് മാത്യു, കെ.വി. സഹദേവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷ സേന നാട്ടുകാരായ രണ്ട് കള്ളുചെത്ത് തൊഴിലാളികളുടെ സഹായത്തോടെ ഷിബുവിനെ താഴെയിറക്കി. ഷിബുവിനെ റസ്ക്യൂ നെറ്റിൽ കയറ്റിയാണ് താഴെയിറക്കിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.