തൊടുപുഴ: ജലാശയങ്ങൾ മലിനമാക്കിയെന്ന പരാതികളിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ പിഴയീടാക്കിയത് നാനൂറോളം കേസുകളിലെന്ന് സർക്കാർ രേഖ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 394 കേസുകളിലായി 17,97,670 രൂപയാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പിഴയായി ഈടാക്കിയത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പിഴകേസുകൾ ചുമത്തിയ ജില്ലകളിലൊന്നും ഇടുക്കിയാണ്.
ഇതോടൊപ്പം ജലാശയ മലിനീകരണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കോടതിയിലുമെത്തി. ഇതിൽ ഒരെണ്ണത്തിൽ കുറ്റസ്ഥാപനവും നടന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പരിശോധനകൾക്ക് ഇടയിലും മലിനീകരണം വ്യാപകം
ജലാശയങ്ങളിലേയും നീരുറവകളിലേയും മലിനീകരണത്തിനെതിരെ പരിശോധനകൾ ശക്തമാക്കുമ്പോഴും മലിനീകരണം വ്യാപകമാണെന്നാണ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലയിലേതടക്കം സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിലെ 352 സ്റ്റേഷനുകളിൽ നിന്നും വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ ജലാശയങ്ങളിൽ പൊതുവായി കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന കാര്യക്ഷമമാക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിന്റെ തുടർപ്രവർത്തനങ്ങളാണ് ജില്ലയിലും നടന്നത്
ജലാശയ മലിനീകരണം; 5000 മുതൽ 50000 വരെ പിഴ
പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ട് നിയമങ്ങൾ പ്രകാരം ജലാശയങ്ങളിലേക്കോ ജലമാർഗങ്ങളിലേക്കോ മാലിന്യങ്ങൾ ഒഴുക്കുന്നവരിൽ നിന്ന് 5000 രൂപ മുതൽ 50000 രൂപ വരെ പിഴയീടാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
ജില്ലയിലെ വിനോദഞ്ചാര കേന്ദ്രങ്ങളിലടക്കം ഇതിന്റെ ഭാഗമായി പരിശോധനകളും നടക്കുന്നുണ്ട്.
ഇതേ സമയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം നിരവധി സ്ഥാപനങ്ങളുടെ മാലിന്യം പൊതു ഓടകളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നതായ പരാതികളും നിരവധിയുണ്ട്. എന്നാൽ നടപടികൾ പേരിന് മാത്രമായി ഒതുങ്ങുകയാണെന്ന പരാതികളും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.