കോ​ള​പ്ര-​കാ​ഞ്ഞാ​ർ ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

കരാർ കമ്പനി സെക്യൂരിറ്റി നിക്ഷേപം അടച്ചില്ല; കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി റദ്ദായി

കാഞ്ഞാർ: മലങ്കര ജലാശയത്തെ കേന്ദ്രീകരിച്ച് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന 116 കോടി രൂപയുടെ കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി റദ്ദായി. കരാർ പ്രകാരം സർക്കാർ നിർദേശിച്ച സെക്യൂരിറ്റി നിക്ഷേപം സമയപരിധിക്കുള്ളിൽ അടക്കുന്നതിൽ കരാർ കമ്പനി വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. 2026 മാർച്ച് 13ന് ഒപ്പുവെച്ച കരാർ പ്രകാരം, പദ്ധതിച്ചെലവിന്റെ ഒരു ശതമാനമായ 1.16 കോടി രൂപ സെക്യൂരിറ്റി നിക്ഷേപമായി 2026 ഏപ്രിൽ 13നകം സർക്കാറിൽ അടക്കേണ്ടതായിരുന്നു.

എന്നാൽ, കരാർ ഏറ്റെടുത്ത കോഴിക്കോട് ആസ്ഥാനമായ എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ല. ഇതോടെയാണ് സർക്കാർ കരാർ റദ്ദാക്കിയത്. മലങ്കര ജലാശയവും അതിന്റെ തീരപ്രദേശങ്ങളും വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനിരുന്ന പദ്ധതിയായിരുന്നു ഇത്. ബോട്ടിങ്, ബൊട്ടാണിക്കൽ ഗാർഡൻ, റോപ്പ് വേ, കഫ്റ്റീരിയ, അനുബന്ധ വിനോദസഞ്ചാര സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ വികസന പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നത്.

പദ്ധതി പ്രകാരം, മലങ്കര ജലാശയവും തീരപ്രദേശങ്ങളും 30 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകുകയും, പദ്ധതിയിൽനിന്നുള്ള വരുമാനത്തിന്റെ 3.5 ശതമാനം സർക്കാറിന് ലഭിക്കുന്ന രീതിയിലുമായിരുന്നു കരാർ വ്യവസ്ഥ. കരാർ റദ്ദായതോടെ പദ്ധതിയുടെ ഭാവിയെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

Tags:    
News Summary - Kolapra-Kanjar irrigation tourism project was canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.