പ​ഴ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം 

തൊടുപുഴ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്നു നീക്കം ചെയ്യുന്നത് ഒന്നര വർഷത്തെ മാലിന്യം

തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ നഗരസഭ പരിധിയിലെ മാലിന്യ കൂമ്പാരങ്ങളൊഴിയുന്നു. ഒന്നര വർഷത്തിലേറെയായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. തുടർന്ന് ഇവിടം ശുചീകരിച്ചു. ഇതിന് ശേഷം കാഞ്ഞിരമറ്റം എം.സി.എഫിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ക്ലീൻ കേരള കമ്പനിയാണ് നിലവിൽ മാലിന്യം ശേഖരിക്കുന്നത്.

നഗരസഭയുടെ മുൻ ഭരണസമിതിയുടെ കാലം മുതൽക്കേ നഗരത്തിലെ മാലിന്യനീക്കം നിലച്ചിരുന്നു. നഗരസഭയിലെ അധികാര തർക്കങ്ങളും ഭരണമാറ്റവുമെല്ലാം ഇത്തരം കാര്യങ്ങളുടെ സുഗമമായ പോക്കിന് തടസ്സം സൃഷ്ടിച്ചതോടെയാണിത്. എന്നാൽ, മാലിന്യനീക്കം കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നും അക്കാലത്ത് നഗരസഭ അധികൃതർ ചെയ്തതുമില്ല. ഇതോടെയാണ് നഗരസഭയിലെ 38 വാർഡുകളിൽനിന്നും ഹരിതകർമസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച ശേഷം പുനരുപയോഗ യോഗ്യമല്ലാത്തത് ഇവിടങ്ങളിൽ കുന്നുകൂടിയത്.

ഇതിനിടെ അടുത്തടുത്ത് നടന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളും കാര്യങ്ങൾ വേഗത്തിലാക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടൊപ്പം മാലിന്യം ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി കരാർ കൊടുത്തിരുന്ന ഏജൻസിയിലെ തൊഴിലാളികളായ അന്തർ സംസ്ഥാനക്കാർ എസ്.ഐ.ആർ പ്രശ്നങ്ങളെ തുടർന്ന് കൂട്ടത്തോടെ നാട്ടിലേക്ക് പോയതും പ്രവർത്തനങ്ങൾ നിലക്കാൻ കാരണമായി. ഏതായാലും പ്രവർത്തനങ്ങൾ നിലച്ചതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരസഭക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടം സംഭവിച്ചത്.

നടപടി വേഗത്തിലാക്കി നഗരസഭ

മാലിന്യനീക്കം നിലച്ച് മാലിന്യക്കൂമ്പാരമായതോടെ പ്രതിഷേധമുയർന്നു. തുടർന്നാണ് ഇപ്പോഴത്തെ നഗരസഭ ഭരണ സമിതി മാലിന്യ സംസ്കരണ നടപടികൾ ത്വരിതഗതിയിലാക്കാൻ നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൻ സാബിറ ജലീലിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയുമായി സംസാരിച്ചാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്.

ജനസാന്ദ്രത കൂടിയ മേഖലയായതുകൊണ്ടുതന്നെ വലിയ അളവിലുള്ള ഖരമാലിന്യമാണ് ഇവിടങ്ങളിൽ ഉണ്ടാകുന്നത്. തുടർന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ കാഞ്ഞിരപ്പള്ളി ആസ്ഥാനമായ ഏജൻസിയുമായി ധാരണയായിട്ടുണ്ട്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്ക് പരിശീലനം നൽകി ആഗസ്റ്റ്‌ ഒന്നു മുതൽ പ്ലാസ്റ്റിക്, നൂതന രീതിയിൽ വേർതിരിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗവും ഇക്കാര്യത്തിൽ സജീവ ഇടപെടലാണ് നടത്തുന്നത്.

‘‘ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മാ​ലി​ന്യ​നീ​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കും. ഇ​തി​നാ​യി ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യ​മാ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്ത​ത്"

-സാ​ബി​റ ജ​ലീ​ൽ (ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ)

Tags:    
News Summary - Plastic waste is being removed from Thodupuzha city. One and a half years worth of waste is being removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.