മഴവെള്ളത്തിലൂടെ മാലിന്യം കലരുന്നു: കനാൽ സന്ദർശിച്ച് തമിഴ്നാട് എം.എൽ.എയും സംഘവും

കുമളി: കുമളി ടൗണിലും പരിസരങ്ങളിലും പെയ്തിറങ്ങുന്ന മഴവെള്ളം കനാലിലൂടെയും ഓടകളിലൂടെയും ഒഴുകി മാലിന്യം കലരുന്നതിനെതിരെ തമിഴ്നാട് രംഗത്ത്.

പൂർണമായും കേരളത്തിനകത്തുള്ള തേക്കടി ആനവാച്ചാൽ ജലമൊഴുകുന്ന പ്രദേശവും കനാലും തമിഴ്നാട്ടിലെ ഭരണകക്ഷി എം.എൽ.എയും സംഘവും സന്ദർശിച്ച ശേഷമാണ് കേരളത്തിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുള്ളത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള ജലം തേക്കടി ഷട്ടറിലെത്തി ഇവിടെനിന്നും തുരങ്കം വഴി സംസ്ഥാന അതിർത്തിയിലെ ഫോർ ബേഡാമിൽ എത്തുന്നു. ഇവിടെ നിന്നും നാല് കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ലോവർ ക്യാമ്പിലെ പവർ ഹൗസിൽ വൈദ്യുതി ഉൽപാദനത്തിനുശേഷം ജലം തമിഴ്നാട്ടിലെ കാർഷിക, കുടിവെള്ള ആവശ്യത്തിനായി വിനിയോഗിക്കുന്നു.

തേക്കടി ഷട്ടറിലേക്ക് ജലം ഒഴുകുന്ന കനാലിലേക്കാണ് കുമളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം എത്തിച്ചേരുന്നത്. ഈ ജലവും കണക്കില്ലാതെ തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്.

ഈ ജലത്തിൽ മാലിന്യങ്ങൾ ഒഴുകിവരുന്നെന്ന പേരിലാണ് ഇപ്പോൾ കുമളി പഞ്ചായത്തിനെതിരെ പ്രചരണം നടക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിൽ ഉൾപ്പെടുന്ന സ്ഥലമല്ല കുമളി ടൗണും പരിസരവും. എന്നാൽ, തമിഴ്നാടിന്റെ പാട്ടഭൂമി എന്ന രീതിയിലാണ് എം.എൽ.എ ഉൾപ്പെടെ നേതാക്കളുടെ അവകാശവാദം. മുല്ലപ്പെരിയാർ ജലത്തിലേക്ക് കുമളിയിലെ ഹോട്ടൽ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവ മാലിന്യം ഒഴുക്കുന്നെന്ന പേരിൽ അടുത്തിടെ ഗ്രീൻ ട്രൈബ്യൂണലിൽ പരാതിയുമായി തമിഴ്നാട് എത്തിയിരുന്നു.

ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ വ്യാപകമായി ശുചീകരണ പരിപാടികൾ നടത്തിയെങ്കിലും തൃപ്തിയാകാതെയാണ് കമ്പം എം.എൽ.എതന്നെ നേരിട്ടെത്തി പ്രചാരണം തുടരുന്നത്.

മുല്ലപ്പെരിയാറിൽനിന്ന് ജലം നൽകാമെന്നാണ് കേരളവുമായുള്ള കരാർ. ജലം കുടിവെള്ള ആവശ്യത്തിനായി ശുദ്ധീകരിക്കാൻ തമിഴ്നാട്ടിൽ സംവിധാനം ഉണ്ടാക്കേണ്ടത് തമിഴ്നാടിന്റെ ചുമതലയാണ്. എന്നാൽ, ഇതിനു ശ്രമിക്കാതെ കുമളി പഞ്ചായത്തിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് തുടരുന്നത്.

Tags:    
News Summary - idukki dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.