അടിമാലി: ട്രോളിങ് നിരോധനത്തെ തുടർന്നുള്ള ലഭ്യതക്കുറവിന്റെ പേരിൽ ഹൈറേഞ്ചിൽ മത്സ്യത്തിന് അന്യായ വില. മത്തി, കൊഴുവ, കിരിയാൻ, ചൂര തുടങ്ങി സാധാരണക്കാർ കൂടുതൽ വാങ്ങുന്ന മത്സ്യങ്ങൾക്ക് 250 രൂപ മുതൽ 400 രൂപ വരെയാണ് വില. ചിക്കനും ബീഫിനും ഉൾപ്പെടെ വില ഉയർന്നുനിൽക്കുകയാണ്. ട്രോളിങ് നിരോധനത്തിന്റെ പേരുപറഞ്ഞാണ് ഇപ്പോൾ തോന്നുന്ന വില വാങ്ങുന്നത്. അതിനു മുമ്പ് മത്സ്യലഭ്യത ധാരാളമുണ്ടായിരുന്നപ്പോഴും തീവിലയാണു നൽകേണ്ടി വന്നത്. ഇടത്തട്ടുകാരുടെ ചൂഷണമാണ് മത്സ്യ വിപണിയിലെ വിലക്കയറ്റത്തിനു കാരണമാകുന്നത്.
ജില്ലയിലെത്തുന്ന മത്സ്യത്തിന്റെ വിതരണാവകാശം ചില കുത്തകകളുടെ കൈയിലാണ്. അവരാണ് ഓരോ ദിവസവും മത്സ്യവില തീരുമാനിക്കുന്നത്. നാടൊട്ടുക്കും മത്സ്യ സ്റ്റാൾ ഇടുന്നതും ഇവർതന്നെ. ഓരോ കിലോ മത്തിയിൽപോലും ഇരട്ടിവിലയാണ് ഗ്രാമങ്ങളിൽനിന്ന് വാങ്ങിയെടുക്കുന്നത്. അടിക്കടിയുള്ള വിലക്കയറ്റം പാവപ്പെട്ടവരെയാണ് കാര്യമായി ബാധിക്കുന്നത്. മൂന്നാർ, അടിമാലി മത്സ്യ മാർക്കറ്റുകളിൽ ന്യായീകരണമില്ലാത്ത വിലക്കയറ്റമാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ട്രോളിങ്ങിനെ തുടർന്ന് കടൽമത്സ്യത്തിന്റെ വരവും കുറഞ്ഞു.
സാധാരണ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ പുഴമത്സ്യ ലഭ്യത ധാരാളമായുണ്ടായിരുന്നു. എന്നാൽ, ഇക്കൊല്ലം പുഴകളിൽ വെള്ളവുമില്ല, മീനുമില്ല. ഈ സാഹചര്യവും കടൽമത്സ്യത്തിന്റെ വിലയിരട്ടിക്കാൻ കാരണമായി. മാരക കീടനാശിനികൾ ചേർത്ത മത്സ്യമാണ് വിപണിയിൽ കൂടുതലും. എങ്കിലും വിഷയത്തിൽ ഇടപെടാതെ പൊതുജനാരോഗ്യ വിഭാഗം മാറിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.