തൊടുപുഴ: മലയോര ജില്ലയിലും ദിനേന ചൂട് അസഹ്യമാവുകയാണ്. കത്തുന്ന ചൂട് മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കാട്ടരുവികളിലെ വെള്ളം വറ്റിയും ഭക്ഷണമാക്കുന്ന ഇലകളും വൃക്ഷങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങിയും പ്രതിസന്ധിയാകുന്നതോടെ കാട്ടുമൃഗങ്ങൾ കൂടുതലായി ഭക്ഷണവും വെള്ളവും തേടി നാട്ടിലേക്കിറങ്ങുന്നത് ഇക്കാലത്താണ്.
ഇതോടൊപ്പമാണ് കൊടുംചൂടിന് ആശ്വാസമായി തണുപ്പ് തേടി പാമ്പുകളും ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇതുമൂലമാണ് ചൂടുകാലത്ത് വീടുകളിലും പരിസരത്തും പാമ്പുകളുടെ ശല്യം വർധിക്കുന്നത്.
അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ തണുപ്പും നനവുമുള്ള സ്ഥലങ്ങൾ തേടിയാണ് ഇവകളെത്തുന്നത്. വീട്ടിലേയും പരിസരത്തേയും നനവുള്ള ഭാഗങ്ങൾ, ചെടിച്ചട്ടികൾ, ബാത്റൂം, നനഞ്ഞ തുണികൾക്കകം തുടങ്ങി കിടപ്പുമുറികൾ വരെയുള്ള ഏതിടവും ഇവ താവളമാക്കും. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളിലായി പാമ്പ് കടി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വനം വകുപ്പ് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളിൽ ഇഴഞ്ഞെത്തുന്ന പാമ്പുകളിൽനിന്ന് സംരക്ഷണം നൽകാനാണ് വനം വകുപ്പിന് കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച സർപ്പ വളന്റിയർമാർ പ്രവർത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച അംഗീകൃത സ്നേക്ക് റെസ്ക്യൂവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽനിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതാണ് പദ്ധതി.
ജില്ലയിൽ ഇത്തരത്തിൽ പരിശീലനം ലഭിച്ച 150 സർപ്പ വളന്റിയർമാരാണ് കർമരംഗത്തുള്ളത്. വീടുകളുടെ സമീപത്തോ മറ്റോ പാമ്പുകളെ കണ്ടാൽ വനം വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തനസജ്ജമായ 18004254733 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാലുടൻ വളൻറിയർമാർ സ്ഥലത്തെത്തും. പ്ലേ സ്റ്റോറിൽനിന്ന് ‘സർപ്പ’ആപ് ഡൗൺലോഡ് ചെയ്തും സേവനം ഉറപ്പാക്കാവുന്നതാണ്. പാമ്പു കടിയേറ്റാൽ ജില്ലയിലെ താലൂക്ക് ആശുപത്രികളിലുൾപ്പടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി ആന്റിവെനം അടക്കം സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.