പ്രതീകാത്മക ചിത്രം
തൊടുപുഴ: അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇടുക്കിയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്നത് 41 അധ്യാപക തസ്തികകളാണ്. സർക്കാർ വിദ്യാലയങ്ങളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകളിൽ ഒഴിവുള്ളത്. ഇതോടെ പല സ്കൂളുകളിലും താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയടക്കം വന്നതോടെ നിലവിൽ പല വിദ്യാലയങ്ങളിലും അധ്യയനം പ്രതിസന്ധിയിലുമാണ്.
അധ്യാപക ക്ഷാമത്താൽ വലയുന്ന വിദ്യാലയങ്ങളിൽ നിലവിലുള്ള അധ്യാപകർക്ക് മറ്റൊരു തലവേദനയായി സെൻസസ് ഡ്യൂട്ടി മാറുകയാണ്. ഇതോടെ പല വിദ്യാലയങ്ങളിലും ക്ലാസുകളിൽ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയായി. എയ്ഡഡ് വിദ്യാലയങ്ങളാകട്ടെ ക്ലാസുകൾക്ക് അവധി നൽകിയാണ് പ്രശ്നത്തിൽ നിന്ന് തലയൂരിയത്. നേരത്തെ തന്നെ ഒരു വിഭാഗം അധ്യാപകർക്ക് ബി.എൽ.ഒമാരുടെ ഡ്യൂട്ടിയുമുണ്ട്. ഇതിന് പിന്നാലെയാണ് സെൻസസ് ഡ്യൂട്ടിയുമെത്തിയത്. ഓണപ്പരീക്ഷ അടുത്ത് വരവേ അധ്യാപകരുടെ അഭാവം പഠനത്തെ ബാധിക്കുമെന്ന പരാതികളും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.
അതേസമയം ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ ക്രമപ്രകാരം നിശ്ചിത ശതമാനം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. പി.എസ്.സി നിയമന ശിപാർശ ലഭ്യമാകുന്ന മുറയ്ക്ക് ഒഴിവുകളിൽ നിയമനം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയും ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു. 2026-27 വർഷത്തെ തസ്തികനിർണയ നടപടികൾ പൂർത്തിയാക്കി തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ക്രമീകരിച്ച ശേഷം ചട്ടപ്രകാരമുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് ഒഴിവുകൾ നികത്തുമെന്നും വകുപ്പ് കൂട്ടിച്ചേർക്കുന്നു.
ജില്ലയിൽ അധ്യാപക തസ്തികകൾ കൂടുതൽ ഒഴിഞ്ഞ് കിടക്കുന്നത് ഹൈസ്കൂൾ വിഭാഗത്തിലാണ്. ഹൈറേഞ്ചിലും ലോറേഞ്ചിലുമായി ഹൈസ്കൂൾ വിഭാഗത്തിൽ 19 അധ്യാപക ഒഴിവുകളാണുളളത്. എൽ.പി വിഭാഗത്തിൽ 15ഉം യു.പി വിഭാഗത്തിൽ ഏഴും തസ്തികകളിൽ ആളില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ നിയമനങ്ങൾ നടത്തുന്നതിലെ കാലതാമസമാണ് ഇതിൽ വില്ലനായതെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്നതാണ് ഇതിൽ വില്ലനായതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 2734 അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം എച്ച്.എസ്.എസ്.ടി തസ്തികയിൽ 225 ഒഴിവുകളും എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ 713 ഒഴിവുകളും സംസ്ഥാന തലത്തിൽ നിലവിലുള്ളതായും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.