പ്രതീകാത്മക ചിത്രം
തൊടുപുഴ: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാഷനൽ സർവിസ് സ്കീം(എൻ.എസ്.എസ്) തണലിൽ വീടൊരുക്കിയത് 860 നിർധന കുടുംബങ്ങൾക്ക്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂനിറ്റുകൾ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായാണ് നിർധനരായ കുടുംബങ്ങൾക്ക് കൂരയൊരുക്കാനായി സ്നേഹവീട് എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി ഇക്കാലയളവിൽ മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായുള്ള എൻ.എസ്.എസ് യൂനിറ്റുകളാണ് ഏറ്റവും കൂടുതൽ ഭവനങ്ങൾ നിർമിച്ചത്. 322 കുടുംബങ്ങൾക്കാണ് ഭവനമെന്ന സ്വപ്നം ഇവർ യാഥാർഥ്യമാക്കിയത്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലുളള വിവിധ ഹയർസെക്കൻഡറി വിദ്യാലയങ്ങൾക്ക് കീഴിലായി 241 വീടുകളും നിർമിച്ചു. കേരള സർവകലാശാല-74, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല-74, കാലിക്കറ്റ് സർവകലാശാല-72, ടെക്നിക്കൽ സെൽ- 55, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിർധനർക്ക് ഭവനമൊരുക്കിയ എൻ.എസ്.എസ് യൂനിറ്റുകളുള്ളത്. ഇക്കാലയളവിൽ ഐ.എച്ച്.ആർ.ഡി-12, വൊക്കേഷനൽ ഹയർ സെക്കൻഡറി-07 എന്നീ ക്രമത്തിലും വീടുകൾ നിർമിച്ചിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഇതോടൊപ്പം വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽ മല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ സഹായിക്കാനും പുനരധിവസിപ്പിക്കുന്നതിനുമായി രണ്ട് ഘട്ടങ്ങളിലായി 4,45,96,888 രൂപയാണ് സംസ്ഥാന തലത്തിൽ എൻ.എസ്.എസ് ശേഖരിച്ച് കൈമാറിയത്.
വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും സുമനസ്സുകളിൽനിന്നും ശേഖരിക്കുന്ന പണമാണ് ഇത്തരം പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ വളന്റിയർമാരായ വിദ്യാർഥികളുടെ പങ്കാളിത്തവും ഉണ്ടാകും. പ്രാദേശിക സഹകരണംകൂടി ഉറപ്പാക്കിയാണ് ഭൂരിഭാഗം വീടുകളുടേയും നിർമാണം പൂർത്തീകരിക്കുന്നത്.
ഭവന നിർമാണത്തിന് പുറമേ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ എൻ.എസ്.എസ് യൂനിറ്റുകൾ നടപ്പാക്കിയ സ്നേഹാരാമം പദ്ധതിയും വലിയ വിജയം നേടിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന പൊതുയിടങ്ങൾ ഏറ്റെടുത്ത് മാലിന്യമുക്ത കേന്ദ്രങ്ങളാക്കി സ്ഥിരമായി സംരക്ഷിക്കുന്നതാണ് പദ്ധതി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ 3000 കേന്ദ്രങ്ങൾ ഏറ്റെടുത്ത് പാർക്കുകൾ, പൂന്തോട്ടങ്ങൾ, കുട്ടികളുടെ കളിസ്ഥലം, വെയിറ്റിങ് ഷെഡുകൾ, പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചിരുന്നു. സംസ്ഥാനത്തെ 3500 എൻ.എസ്.എസ് യൂനിറ്റുകളും 3,50,000 വളന്റിയർമാരും 3500 അധ്യാപകരുമാണ് പദ്ധതിയുടെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.