മാങ്കുളം ഡി.എഫ്.ഒ ഓഫിസ് ഉപരോധം മാങ്കുളം സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി ഫാ.മാത്യൂ കരോട്ടു കൊച്ചക്കൽ ഉദ്ഘാടനം ചെയ്യുന്നു
അടിമാലി: മാങ്കുളം പഞ്ചായത്തിൽ വിവിധയിടങ്ങളിൽ കാട്ടാന ശല്യം വർധിച്ചിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു.
മുനിപാറ ഫ്ലയിങ്ങ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് മാങ്കുളം ഡി.എഫ്.ഒ ഓഫീസ് ഉപരോധം നടന്നത്. നൂറ് കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു. കാട്ടാനകൾ ജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും ജനവാസ മേഖലയിൽ നിന്ന് തുരത്താൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിസാര പ്രശ്നങ്ങൾക്ക് വരെ കേസുകൾ എടുക്കുന്ന വനപാലകർ മാങ്കുളത്ത് പ്രത്യേക നിയമം നടപ്പാക്കുന്നു.വന്യമൃഗങ്ങൾ കൃഷിയോ മറ്റോ നശിപ്പിച്ചാൽ നഷ്ടപരിഹാരം പോലും നൽകുന്നില്ല. രാത്രി കർഷകരെ വീടുകളിൽ ബന്ധിയാക്കുന്ന വിധം കാട്ടാന ശല്യം വർധിച്ചു.ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കും. ചെങ്കുളം സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി ഫാ. മാത്യൂ കരോട്ടു കൊച്ചക്കൽ ഉദ്ഘാടനം ചെയ്തു. മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുട്ടിയച്ചൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. മാണി, ക്ലബ് പ്രസിഡന്റ് ഗിരീഷ്, പി.ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ക്ലബ് രക്ഷാധികാരിയുമായ മനോജ് കുര്യൻ സ്വാഗതവും മൂന്നാം വാർഡ് അംഗം അനിൽ ആന്റണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.