കുമളി ടൗണിലെ ഓടയുടെ സ്ലാബ് പൊളിച്ചുമാറ്റി
വൃത്തിയാക്കുന്നു
കുമളി: ദേശീയ പാതയോരത്തെ ഓടകളിൽ മാലിന്യം നിറഞ്ഞത് നാട്ടുകാർക്ക് ദുരിതമായി. കുമളി ടൗണിന് നടുവിലെ ഓടകളിലാണ് പ്ലാസ്റ്റിക്, കുപ്പി, കല്ലും മണ്ണും ഉൾപ്പടെ ടൺ കണക്കിന് മാലിന്യം നിറഞ്ഞത്. ഓടകൾ നിറഞ്ഞതോടെ മഴവെള്ളം ഒഴുകി പോകാതെ കെട്ടിക്കിടന്ന് റോഡിലേക്ക് ഒഴുകി പരന്നത് ദുരിതം ഇരട്ടിയാക്കി.
ടൗണിൽ സെൻട്രൽ ജങ്ഷനിലാണ് ഓടകൾ നിറഞ്ഞ് ഒഴുകിയത്. വർഷങ്ങൾക്ക് മുമ്പ് ടൗണിലെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിൽ ഇടിച്ചു പൊളിക്കൽ നടത്തിയിരുന്നു.
ടൗണിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചു നിരത്തിയാണ് റോഡിന് വീതി കൂട്ടിയത്. കെട്ടിട ഉടമകൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെയായിരുന്നു അന്ന് ഇടിച്ചു പൊളിച്ചത്.
ഇതിനു ശേഷം റോഡ് വീതി കൂട്ടുകയും സമാന്തരമായി ഇരുഭാഗത്തും ഓടകളും ഇതിനു മുകളിൽ നടപ്പാതയും നിർമിച്ചു. എന്നാൽ, ഓടകൾ തുറക്കാനാവാത്ത വിധത്തിൽ നിർമിച്ച നടപ്പാതയാണ് പിന്നീട് ദുരിതമായത്. മഴക്കാലത്ത് ഒഴുകിയെത്തിയ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങളും മണ്ണും കല്ലും ചെളിയുമെല്ലാം ഓടയിൽ നിറഞ്ഞെങ്കിലും ഇവ വാരി മാറ്റി വൃത്തിയാക്കാൻ നടപ്പാത നിർമിച്ചതു മൂലം കഴിയുന്നില്ല.
റോഡ് വീതികൂട്ടിയെങ്കിലും പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കലുങ്കുകൾ ഉയർത്തി നിർമിക്കാതെയായിരുന്നു ദേശീയ പാത അധികൃതരുടെ അശാസ്ത്രീയ റോഡ് നിർമാണം.
ഇതോടെ, ഉയരമില്ലാത്ത പഴയ കലുങ്കുകൾക്കടിയിൽ മാലിന്യങ്ങൾ തങ്ങി നിന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഈ കലുങ്കുകൾ ഉയർത്തി നിർമ്മിക്കുകയും ഇതിനടിയിലൂടെയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. ടൗണിലെ മാലിന്യ വെള്ളക്കെട്ട് പ്രതിസന്ധിയായതോടെ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.വർഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ ദിവസം ദേശീയ പാത അധികൃതരെ കുമളിയിൽ വിളിച്ചു വരുത്തി. ടൗണിലെ ഓടയുടെ ഭാഗങ്ങൾ പൊളിച്ചെങ്കിലും ഇതിനുള്ളിൽ നിറഞ്ഞ മാലിന്യങ്ങൾ നീക്കാൻ പദ്ധതി ഇല്ലാതെ ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
മലിനജലം ടൗണിലൂടെ ഒഴുകി പടരുന്നത് തടയാൻ ജലം സമീപത്തെ വനം വകുപ്പ് സ്ഥലത്തേക്ക് ഒഴുക്കിയത് വനപാലകർ ഇടപ്പെട്ട് തടഞ്ഞത് നേരിയ വാക്ക് തർക്കത്തിനിടയാക്കിയിരുന്നു.
ദേശീയപാത അധികൃതർ ടൗണിലെ കലുങ്കകളും ഓടകളും പൊളിച്ച് ഇവശാസ്ത്രീയമായി പുനർനിർമ്മിച്ചാൽ മാത്രമേ കുമളി ടൗണിന് നടുവിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്നാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.