മറയൂർ മൂന്നാർ റോഡിൽ കാപ്പിസ്റ്റോർ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴി
മറയൂർ: സംസ്ഥാനപാതയായ മറയൂർ-മൂന്നാർ റോഡിൽ 40 കിലോമീറ്റർ ദൂരത്തിൽ അപകടക്കുഴികൾ ദുരിതം വിതക്കുന്നു. റോഡിന് മധ്യത്തിലും വശങ്ങളുമായാണ് കുഴികൾ രൂപപ്പെട്ടത്. അഞ്ചുവർഷം മുമ്പ് ടാറിങ് നടത്തിയ റോഡിലാണ് കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവാകുന്നത്.
റോഡിന് വീതി ഉണ്ടെങ്കിലും ഭൂരിഭാഗവും തേയില തോട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനാൽ വശങ്ങളിൽ മണ്ണിടിച്ചിലും പതിവാണ്. പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്ത സാഹചര്യത്തിൽ ശക്തമായ മഴയിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.
നിലവിൽ കാപ്പിസ്റ്റോർ, തലയാർ, കടുക്മുടി, എട്ടാംമൈൽ ഭാഗങ്ങളിലാണ് ഏഴു കുഴികൾ റോഡിന് നടുക്കും വശങ്ങളിലുമായി രൂപപ്പെട്ടിരിക്കുന്നത്. ചെറിയ കുഴികൾ ആകുമ്പോൾ അടക്കാത്തതിനാൽ നിലവിൽ അഞ്ചടി വീതി വരെ വ്യാസത്തിലാണ് കുഴികൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അടിയന്തരമായി കുഴികൾ അടച്ചില്ലെങ്കിൽ ഇവ വലുതായി വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇവർ പറയുന്നു. വിനോദ സഞ്ചാര മേഖലയായതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി വാഹനങ്ങളാണ് ദിവസേന ഇതു വഴിയെത്തുന്നത്.
ഇത് രാത്രികാലങ്ങളിലടക്കം അപകട ഭീതിയുയർത്തുകയാണ്. അപകടം പതിവായതോടെ തോട്ടം തൊഴിലാളികൾ കുഴികളിൽ ചെടികൾ കുത്തിയും ചാക്കുകൾ ഇട്ടും റിബൺ കെട്ടിയും അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുന്നെ കുഴികൾ മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.