representational image
ചെറുതോണി: വീണ്ടും ഒരു ജൂലൈ 22. തോരാമഴ പെയ്ത കർക്കടക രാത്രിയിൽ കല്ലാർകുട്ടിക്കടുത്ത് മാങ്കടവ് എസ്റ്റേറ്റ് ഉടമയും വെള്ളത്തൂവൽ പഞ്ചായത്ത് അംഗവുമായ കുന്നുംപുറത്ത് പുത്തൻപുരക്കൽ പി.എം. ജോസഫിനെ നക്സലുകൾ കൊലപ്പെടുത്തിയതിന്‍റെ 52ാം വാർഷികം.
കോട്ടയത്തുനിന്ന് മാങ്കടവിലേക്ക് കുടിയേറിയ പഴയ പട്ടാളക്കാരനായിരുന്നു ജോസഫ്. 300 ഏക്കറോളം സ്ഥലം സ്വന്തമായുണ്ടായിരുന്നു. പിന്നീട് പലർക്കായി വിറ്റു. മരിക്കുമ്പോൾ അമ്പതേക്കറോളം ഉണ്ടായിരുന്നു. 1970 ജൂലൈ 22നാണ് സംഭവം. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫിസും ആക്രമിക്കാൻ നക്സലൈറ്റുകൾ പദ്ധതി ഇട്ടിരുന്നു. ഇതിനാവശ്യമായ തോക്കും മറ്റും സംഘടിപ്പിക്കാൻ ഇരുട്ടുകാനത്ത് എം.എം. ചെറിയാന്‍റെ വീടാക്രമിച്ചു.
തുടർന്ന് അവർ എത്തിയത് ജോസഫിന്‍റെ വീട്ടിലാണ്. രാത്രി പത്തരയോടെ മാരകായുധങ്ങളുമായെത്തിയ പതിനഞ്ചംഗ സംഘം വീട് കൊള്ളയടിച്ച് 3050 രൂപയും 30 പവനും കൈക്കലാക്കി. പുറത്തിറങ്ങിയ സംഘം ജോസഫ് തങ്ങളെ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കി തിരിച്ചുവീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു.
വെള്ളത്തൂവൽ സ്റ്റീഫൻ, ദാമോദരൻ, സോമദത്തൻ, നാണു ബേബി, ശ്രീനിവാസൻ പുരുഷൻ എന്നിവരായിരുന്നു സംഘത്തിലെ പ്രധാനികൾ. മകൻ ബിജുവിനെ കെട്ടിയിട്ട ശേഷം ജോസഫിനെ അടിച്ചുവീഴ്ത്തി വെടിവെച്ചും വെട്ടിയും കുത്തിയും പരിക്കേൽപിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ കോതമംഗലത്തുവെച്ച് മരിച്ചു.
ജോസഫിന്‍റെ അറുകൊല കുന്നുംപുറത്ത് പുത്തൻപുരക്കൽ കുടുംബത്തിന്‍റെ അടിത്തറ ഇളക്കി. ഏകമകൻ ബിജു 33ാം വയസ്സിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഭാര്യ സൂസമ്മ പിന്നീട് സ്ഥലവും വീടും വിറ്റ് രണ്ടു പെൺമക്കളുമായി കോലഞ്ചേരിക്ക് പോയി. പൂർണമായും കരിങ്കല്ലിൽ കെട്ടിയുയർത്തിയ ജോസഫിന്‍റെ പഴയ വീടും ഇന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.