തൊടുപുഴ: ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കുന്ന ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ പ്രവർത്തനം താളംതെറ്റിയിട്ട് മാസങ്ങൾ. പത്ത് മാസത്തോളമായി സിറ്റിങ് കൃത്യമായി നടക്കാത്തതിനാൽ അഞ്ഞൂറോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞവർഷം ഡിസംബർ മുതൽ സിറ്റിങ് കമീഷൻ പാനലിൽ മതിയായ അംഗങ്ങളില്ലാത്തതിനാൽ ഇൻഷുറൻസ്, ജി.എസ്.ടി, വ്യാപാരതർക്കങ്ങൾ ഉൾപ്പെടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും കെട്ടിക്കിടക്കുകയാണ്. പരാതിക്കാർക്കും ജീവനക്കാർക്കും ഇത് ദുരിതം സൃഷ്ടിക്കുന്നു.
മൂന്നംഗ സിറ്റിങ് കമീഷനും ജീവനക്കാരും ഉൾപ്പെടെ 15 ജീവനക്കാർ ഇവിടെയുണ്ട്. നിലവിൽ അദാലത്ത് മാത്രമാണ് നടക്കുന്നത്. മുമ്പ് സിറ്റിങ് നടത്തിയ കേസുകൾ പരസ്പരം പറഞ്ഞ് തീർപ്പാക്കാനായാണ് കമീഷൻ അദാലത്തിന് നിർദേശം നൽകുന്നത്. മീഡിയേറ്ററും അഭിഭാഷകരും ചർച്ചനടത്തി പ്രശ്നം തീർപ്പാക്കും. മാസത്തിൽ നാലാമത്തെ ശനിയാഴ്ചയാണ് അദാലത്ത് നടക്കുക.
ഇതിനുപുറമെ എല്ലാ മാസവും 29ന് പ്രത്യേക അദാലത്തുമുണ്ട്. അമ്പതോളം കേസുകൾ ഇതിൽ പരിഗണിക്കാം. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള സുപ്രീംകോടതി നിർദേശപ്രകാരമാണ് ഈ നടപടി. കുയിലിമലയിലെ നിർമിതി കേന്ദ്രത്തിലാണ് ജില്ല ഉപഭോക്തൃ കോടതി പ്രവർത്തിക്കുന്നത്.
നിലവിൽ പ്രസിഡന്റ് മാത്രം; രണ്ടംഗങ്ങളുടെ ഒഴിവ്
മൂന്നംഗ കമീഷൻ പാനൽ പ്രസിഡന്റ്, രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്നതാണ്. ഇതിൽ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല. ഒരംഗത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതിയനിയമനം സർക്കാർ നടത്തണം. മറ്റൊരു അംഗം ചുമതല ഒഴിഞ്ഞതോടെ ഫലത്തിൽ രണ്ട് അംഗങ്ങളും ഇല്ലാത്ത അവസ്ഥയായി.
കേസ് തീർപ്പാക്കാൻ പ്രസിഡന്റ് ഉൾപ്പെടെ രണ്ട് അംഗങ്ങൾ മതി. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കോട്ടയം ജില്ല ഉപഭോക്തൃ കോടതിയിലെ ഒരംഗത്തെ ഇടുക്കിയിലേക്ക് സർക്കാർ മാറ്റി നിയമിച്ചെങ്കിലും വിജ്ഞാപനം പുറത്തിറക്കാത്തതിനാൽ നിയമനം വൈകുകയാണ്. റിട്ട. ജഡ്ജിയാണ് ജില്ലയിൽ പ്രസിഡന്റ്. ഇടുക്കിയിൽ കമീഷൻ അംഗം ഉടൻ ചുമതലയേൽക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായും പുതിയ നിയമനത്തോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.