തൊടുപുഴ: റോഡിൽ കാൽനടയാത്രക്കാരുടെ ജീവനും വേണ്ടത്ര സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വാഹനാപകട കണക്കുകൾ. കഴിഞ്ഞ വർഷം 1702 കാൽനട യാത്രക്കാരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഓൺലൈൻ പോർട്ടലായ ‘റാപ്പിഡി’ൽ കാൽനട യാത്രക്കാരുടെ അപകട മരണത്തെക്കുറിച്ചുള്ള നാലു വർഷത്തെ വിവരങ്ങൾ ശേഖരിച്ച് അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സീബ്രാ ലൈനുകളിൽ വാഹനങ്ങൾ നിർത്തിയിടുക, ഫുട്പാത്തുകളിലൂടെ വാഹനം ഓടിക്കുക, സീബ്രാ ലൈനുകളിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിക്കുക, ഫുട്പാത്തിലെ അനധികൃത പാർക്കിങ്, സീബ്രാ ലൈൻ ക്രോസിങ് ഏരിയ, അംഗപരിമിതർക്കുള്ള റാമ്പുകൾ എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുക എന്നിവ അപകടങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.
നടപ്പാതകളുടെ അഭാവവും തടസ്സങ്ങളും കാൽനടയാത്രക്കാർ നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങളാണ്. 2025 നവംബർ മുതൽ രണ്ടു തവണകളിലായി നടത്തിയ സ്പെഷൽ ഡ്രൈവിൽ കുറ്റക്കാരെ കണ്ടെത്തി പിഴ ഈടാക്കുകയും നിയമലംഘനം ആവർത്തിക്കുന്നവരുടെ ലൈസൻസ് നോട്ടീസ് നൽകി സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളടക്കം ഗതാഗത വകുപ്പ് തുടരുകയാണ്.
കൂടാതെ നടപ്പാതയിലെ വാഹന പാർക്കിങ്ങ്, ഹാൻഡ് റെയിലുകളുടെ അഭാവം മുതലായവ പരിഹരിക്കുന്നതിന് ‘നാറ്റ്പാക്’ പരിഹാര നിർദേശങ്ങളും നൽകിയിട്ടുണ്ട്. നടപ്പാതകളിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ ജില്ല റോഡ് സുരക്ഷ കൗൺസിലുകൾക്ക് നിർദേശം നൽകി. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സീബ്രാ ലൈനുകൾ ഉള്ള സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കായി വാഹനങ്ങൾ വേഗത കുറക്കുന്നുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്താനും വീഴ്ച വരുത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നടപടി ആരംഭിച്ചു.
സ്ഥിരമായി കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥലങ്ങളിൽ റെഡ് ലൈറ്റ് ജമ്പിങ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് കാമറ സ്ഥാപിക്കും. ഡ്രൈവർമാരുടെ അശ്രദ്ധ മൂലം കാൽനട യാത്രക്കാർ മരണപ്പെടുന്നത് ഒഴിവാക്കുന്നതിനായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് തലത്തിലും ഡിപ്പോ തലത്തിലും അപകട നിരീക്ഷണ സമിതി ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പുതിയ ബസുകളിൽ ഡ്രൈവർ കാമറയുടെ കൂടെ ‘കോ പൈലറ്റ് എ വൺ ഫീച്ചർ കാമറ’ ഘടിപ്പിച്ചു. ഇതിന്റെ സഹായത്താൽ ഡ്രൈവിങ് സമയത്തുള്ള ഉറക്കം, മൊബൈൽ ഉപയോഗം തുടങ്ങിയവയും അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയും കണ്ടെത്തി അലെർട്ട് ചെയ്യാൻ കഴിയും. കൺട്രോൾ റൂമിലേക്ക് തത്സമയം തന്നെ വിവരം ലഭ്യമാക്കുന്ന സോഫ്റ്റ് വെയറാണ് ഇതിനായി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.