തൊടുപുഴ: പ്രസവവേദനയാൽ പുളഞ്ഞ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആശ വർക്കർക്ക് വാഹനം കിട്ടിയില്ലെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ പരാതിയെക്കുറിച്ച് വിശദ പരിശോധന നടത്തി മാർച്ച് ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് മാർച്ച് 19ന് പരിഗണിക്കും.
കുമളി മണ്ണാകുടി ആദിവാസി കോളനിയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതായതോടെ പ്രസവം വീട്ടിലാണ് നടന്നത്.
ആശ വർക്കർ ആംബുലൻസിന് പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വീട്ടിൽ എത്തിച്ചാണ് വിനീതയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.
കുമളി കുടുംബാരോഗ്യകേന്ദ്രത്തിന് സ്വന്തമായി ആംബുലൻസ് ഇല്ലാത്തതാണ് പരാതിക്ക് കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.