അടിമാലി: ഭക്ഷ്യസുരക്ഷ വകുപ്പും പൊതുജനാരോഗ്യ വിഭാഗവും നോക്കുകുത്തിയായി മാറിയതോടെ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം ജില്ലയില്‍ വ്യാപകമായി എത്തുന്നു. ഫോര്‍മാലിന്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാരക രാസവസ്തുക്കള്‍ ചേര്‍ത്താണ് മത്സ്യം എത്തിക്കുന്നത്. ജില്ലയില്‍ മത്സ്യ ഉൽപാദനം തീരെ കുറവാണ്. ഇറക്കുമതി മത്സ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, വട്ടവട, ചിന്നക്കനാല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി, പള്ളിവാസല്‍, മാങ്കുളം, അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, കൊന്നത്തടി തുടങ്ങി ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും മോശം മത്സ്യമാണ് വിപണിയില്‍ എത്തുന്നത്.
ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഇവ കൂടുതലായി എത്തുന്നത്. വില കൂടിയ മത്സ്യങ്ങളിലാണ് കൂടുതലും മായം ചേര്‍ക്കുന്നത്. മത്സ്യം കേടുകൂടാതിരിക്കുന്നതിനാണ് ഇത്. ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതാണ് രാസവസ്തുക്കള്‍. കേടായ മത്സ്യങ്ങളുടെ വില്പനയും വ്യാപകമാണ്. ഐസ് ഉപയോഗിച്ചു മത്സ്യം സൂക്ഷിക്കാൻ കൂടുതല്‍ ചെലവ് വരുമെന്നതിനാല്‍ ഇതിന് വ്യാപാരികള്‍ ഒരുക്കമല്ല. രാസവസ്തുക്കള്‍ ഉള്ള മത്സ്യം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത സ്ട്രിപ് ഉപയോഗിക്കാം. പരിശോധനരീതി സ്ട്രീപ്പിനോടൊപ്പമുള്ള നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ട്രിപ്പിന്റെ സാങ്കേതികവിദ്യ ലഭിച്ച ചില സ്വകാര്യ സ്ഥാപനങ്ങളും ഇതു നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്നുണ്ട്. ആരോഗ്യ വകുപ്പാകട്ടെ ഇത്തരം മത്സ്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നുമില്ല.
നേരത്തെ ഇത്തരം പരിശോധനകള്‍ ജില്ലയില്‍ നടന്നിരുന്നു. അപ്പോള്‍ രാസവസ്തു കലര്‍ന്ന മത്സ്യം വിപണിയില്‍ എത്തിയിരുന്നുമില്ല. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ഇത്തരം പരിശോധനക്ക് പോലും തയാറാകുന്നില്ല. പൊതുജനാരോഗ്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.