മൂലമറ്റം: തൊടുപുഴയിൽനിന്ന് ഹൈറേഞ്ച് സർവിസ് നടത്തുന്ന ബസുകൾ മൂലമറ്റം, കുളമാവ് ടൗണുകൾ ഒഴിവാക്കുന്നതായി പരാതി. പലതവണ പരാതി നൽകിയിട്ടും ബസ് ഉടമകൾക്ക് അനുകൂല നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നതായാണ് പരാതി.
തിങ്കളാഴ്ച ഇടുക്കിയിൽനിന്ന് തൊടുപുഴക്ക് വന്ന ബസ് കുളമാവ് ബസ് സ്റ്റാൻഡ് ഒഴിവാക്കി യാത്ര തുടർന്നത് സംഘർഷത്തിനും പരാതിക്കും കാരണമായിരുന്നു. കുളമാവിൽ ഇറങ്ങേണ്ട സ്റ്റീഫൻ മംഗലത്തുകുന്നേൽ എന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം മൂലമറ്റത്തെത്തി ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ഇത്തരത്തിൽ കുളമാവ് ടൗണിൽ കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യബസുകളും പലപ്പോഴും കയറാറില്ല. ഹൈറേഞ്ചിൽനിന്ന് തൊടുപുഴക്ക് സർവിസ് നടത്തുന്ന ബസുകളാണ് മൂലമറ്റം ഒഴിവാക്കി നേരിട്ട് തൊടുപുഴക്ക് സർവിസ് തുടരുന്നത്.
കെ.എസ്ആർ.ടി.സി ബസിലെ യാത്രക്കാരെ ആകർഷിക്കാനാണ് ഇത്തരത്തിൽ സർവിസ് നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ആർ.ടി.ഒ ഓഫിസിലേതടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ സ്വകാര്യ ബസ് ഉടമകൾക്ക് കൂട്ടുനിൽക്കുന്നതായി പരാതിയുണ്ട്. ഹൈറേഞ്ചിൽനിന്ന് തൊടുപുഴക്ക് പോകുന്ന ബസുകൾ മിക്കവയും അശോക കവലയിൽനിന്ന് തിരിഞ്ഞു മൂലമറ്റം എത്താതെ തൊടുപുഴക്ക് സർവിസ് നടത്തുകയാണ്.
മൂലമറ്റത്തിനുള്ള യാത്രക്കാരെ അശോക കവലയിൽ ഇറക്കിവിടുന്നത് പതിവാണ്. ഇതിനെതിരെ പരാതി പറഞ്ഞാലും നടപടിയെടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പലതവണ പത്രമാധ്യമങ്ങളിലടക്കം ഈ പ്രശ്നം വാർത്തയായി വന്നിട്ടുണ്ട്. തുടർന്ന് ഏതാനും ദിവസം സർവിസ് കൃത്യമായി നടത്തും. വീണ്ടും പഴയപടിയാകും. മോട്ടോർ വാഹന ഉദ്യോഗസ്ഥരുണ്ടായിരുന്നപ്പോൾ ബസുകൾ മൂലമറ്റം വഴി എത്തിയിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ മാറിയെത്തിയതോടെ സ്വകാര്യ ബസുകൾക്കു കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നു. മൂലമറ്റം കുളമാവ് ബസ് സ്റ്റാൻഡുകൾ ഒഴിവാക്കുന്ന ബസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.