മലയോര ഹൈവേ ശിലാഫലക അനാച്ഛാദനം മന്ത്രി റോഷി
അഗസ്റ്റിൻ നിർവഹിക്കുന്നു
ഇടുക്കി: പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത്-കട്ടപ്പന റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
അഞ്ച് വർഷം കൊണ്ട് 60 ശതമാനം റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിച്ചു. റോഡ് വികസനത്തിന് മാത്രമായി സംസ്ഥാനത്ത് 35,000 കോടി ചെലവഴിച്ചു. പശ്ചാത്തല വികസനത്തിന് കിഫ്ബി വഴി 528 പദ്ധതികൾക്കായി 46,145 കോടി പൊതുമരാമത്ത് വകുപ്പിന് മാത്രമായി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. മലയോര ഹൈവേ നാടിന്റെ വികസന സാധ്യതകൾക്ക് ആക്കം വർധിപ്പിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ബോളിവുഡ് നടൻ മിലിന്ദ് സോമൻ വിശിഷ്ടാതിഥിയായി. ലോകത്തെ മികച്ച റോഡുകളിലൊന്നാണ് ഇടുക്കിയിലെ റോഡെന്ന് മിലിന്ദ് സോമൻ പറഞ്ഞു.
യോഗത്തിൽ ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി. വർഗീസ്, വി.ആർ. ശശി, റോമിയോ സെബാസ്റ്റ്യൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ, കിഫ്ബി ടീം ലീഡർ പി.ആർ. മഞ്ജുഷ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കിഫ്ബി മുഖേന കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ 235 കോടി ചെലവിട്ടാണ് കുട്ടിക്കാനം-മുതൽ കട്ടപ്പന വരെയുള്ള 40.050 കി.മീ റോഡ് നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.