അടിമാലി: പഞ്ചസാരയുടെ മൊത്തവില കിലോക്ക് 50 ഉം മുട്ടയുടെ മൊത്തവില ഒന്നിന് 7.50 രൂപയും കടന്നതോടെ ജില്ലയിലെ ബേക്കറി വ്യവസായം പ്രതിസന്ധിയിൽ. പാചക വാതക വില വർധന മൂലം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് പഞ്ചസാര, മുട്ട വിലവർധന ഇരട്ടിപ്രഹരമായി. കേക്ക്, ബിസ്കറ്റ്, ലഡു, ജിലേബി പോലെയുള്ള പലഹാരങ്ങളുടെ ഉൽപാദനത്തിന് ആവശ്യമായ സാധനങ്ങളാണ് മുട്ടയും പഞ്ചസാരയും.
അടുത്തിടെ വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാര വിലയാണ് 50 രൂപയും കടന്നത്. മുട്ട വിലയും വർധിച്ചു. ഇതോടെ ഇത്തരം പലഹാരങ്ങൾ ഉൽപാദിപ്പിക്കാൻ ചെലവ് കൂടിയെന്നും പലഹാരങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. ജന്മദിനം പോലുള്ള ആഘോഷങ്ങൾക്ക് കേക്കും മധുര പലഹാരങ്ങളും ഒഴിച്ചുകൂടാൻ സാധിക്കാത്തതിനാൽ ഇനിമുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചെലവു കൂടുന്നത് സാധാരണക്കാരെ ബാധിക്കും. പെട്രോളിനായി എഥനോൾ ഉൽപാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പഞ്ചസാര മൊത്ത വ്യാപാരികൾ പറയുന്നത്. എഥനോൾ നിർമാണത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് കരിമ്പ്. കരിമ്പു തന്നെയാണ് പഞ്ചസാര ഉൽപാദനത്തിന്റെയും പ്രധാന അസംസ്കൃത വസ്തു.
കോഴിത്തീറ്റക്ക് വൻതോതിൽ വില വർധിച്ചതാണ് മുട്ടക്ക് വില കൂടാൻ കാരണം. 50 കിലോ വരുന്ന ഒരു ചാക്ക് കോഴിത്തീറ്റക്ക് 2300 രൂപ വരെയാണു വില. 500 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. കോഴിയിറച്ചിയുടെ വിലയും ഇതുമൂലം ഉയരുകയാണ്. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാടൻ മുട്ടയുടെ വില 10 രൂപയായി. കോഴിത്തീറ്റ വില വർധനക്ക് പുറമേ തമിഴ്നാട്ടിലെ നാമക്കലിൽനിന്നുള്ള മുട്ട വരവു കുറഞ്ഞതും വില ഉയരാൻ കാരണമായി. വില ഉയർന്നതോടെ ഹോട്ടലുടമകൾ ഓംലെറ്റിനും വില കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.